ബയ്നൂനയിൽ നിന്ന് കണ്ടെത്തിയ 6,000 വർഷം പഴക്കമുള്ള ഫോസിലുകളും യുനെസ്കോ പൈതൃക പാരമ്പര്യങ്ങളും ഉൾപ്പെടുത്തി അബുദാബിയിൽ ‘ട്രാക്ക്സ് ത്രൂ ടൈം’ എക്സിബിഷൻ ഒരുങ്ങുന്നു.
അബുദാബി — ഒക്ടോബർ 17, 2026 : അറേബ്യൻ ഉപദ്വീപിലെ ആവാസവ്യവസ്ഥയെയും ജനജീവിതത്തെയും മാറ്റിമറിച്ച ഒട്ടകങ്ങളുടെ ഏഴായിരം വർഷത്തെ ചരിത്രം പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കാൻ അബുദാബി സായിദ് നാഷണൽ മ്യൂസിയം ഒരുങ്ങുന്നു. ഡിസംബർ ആദ്യവാരം ആരംഭിക്കുന്ന ‘ട്രാക്ക്സ് ത്രൂ ടൈം: ദി കാമൽ ഇൻ സൊസൈറ്റി, ട്രേഡ് ആൻഡ് ആർട്ട്’ എന്ന പ്രദർശനത്തിലൂടെ ചരിത്രാതീത കാലത്തെ കാട്ടു-ഒട്ടകങ്ങളുടെ അപൂർവ ഫോസിലുകൾ ആദ്യമായി പ്രദർശിപ്പിക്കും.
അൽ ദഫ്ര മേഖലയിലെ ബയ്നൂനയിൽ നിന്ന് പുരാവസ്തു ഗവേഷകർ കണ്ടെടുത്ത 6,000 വർഷം പഴക്കമുള്ള കാട്ടൊട്ടകത്തിന്റെ അസ്ഥികൂട അവശിഷ്ടങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. സാദിയാത്ത് സാംസ്കാരിക ജില്ലയിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയത്തിൽ സംഘടിപ്പിക്കുന്ന ആദ്യ താൽക്കാലിക എക്സിബിഷൻ കൂടിയാണിത്.
തീരദേശ കണ്ടൽക്കാടുകളിൽ ഉപ്പുരസമുള്ള സസ്യങ്ങൾ ഭക്ഷിച്ച് ജീവിച്ചിരുന്ന കാട്ടൊട്ടകങ്ങളിൽ നിന്ന് ഇന്നത്തെ വളർത്തു-ഒട്ടകങ്ങളിലേക്കുള്ള പരിണാമ വഴികളാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവിടെ വിശദീകരിക്കുന്നത്. പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് (PNAS) പ്രസിദ്ധീകരിച്ച പഠനത്തിൽ, അൽ സുഫൂഹ്, തെൽ അബ്രഖ്, അൽ ബുഹൈസ് തുടങ്ങിയ യുഎഇ പുരാവസ്തു കേന്ദ്രങ്ങളിൽ നിന്നുള്ള പുരാതന ഡിഎൻഎ വിവരങ്ങൾ വിശകലനം ചെയ്തിരുന്നു. ഇന്നത്തെ വളർത്തു-ഒട്ടകങ്ങളുടെ വംശാവലി രൂപപ്പെടുന്നതിൽ തെക്കുകിഴക്കൻ അറേബ്യൻ തീരത്തെ ഈ ജീവികൾ നിർണായക പങ്കുവഹിച്ചുവെന്ന് ഈ ജനിതക പരിശോധനകൾ സ്ഥിരീകരിക്കുന്നു.
ഒട്ടകങ്ങളെ മനുഷ്യർ ഇണക്കി വളർത്താൻ തുടങ്ങിയ കാലഘട്ടത്തെക്കുറിച്ച് ഗവേഷകർക്കിടയിൽ വ്യത്യസ്ത നിരീക്ഷണങ്ങൾ നിലനിൽക്കുന്നുണ്ട്. ക്രിസ്തുവിനു മുൻപ് 1100 നും 800 നും ഇടയിലാണ് ഇതെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ കണ്ടെത്തൽ. എന്നാൽ, യുഎഇ സർവകലാശാലയിലെ ഗവേഷകർ ഹെറിറ്റേജ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഈ കാലയളവ് ബിസി 1800 മുതൽ 1100 വരെ പിന്നിലേക്ക് കൊണ്ടുപോകുന്നു. ദുബായിലെ സറുഖ് അൽ ഹദീദിൽ നിന്ന് ലഭിച്ച അസ്ഥികൾ ഈ ചരിത്ര സൂചനകളിലേക്ക് വെളിച്ചം വീശുന്ന തെളിവുകളായി പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗതാഗതം, പാൽ, മാംസം എന്നിവയ്ക്കായി മരുഭൂമിയിലെ മനുഷ്യൻ ആശ്രയിച്ചിരുന്ന ഒട്ടകങ്ങൾ പിന്നീട് വ്യാപാര ശൃംഖലകളുടെ ജീവനാഡിയായി മാറി. സുഗന്ധദ്രവ്യങ്ങളും ഉപ്പും വഹിച്ച് ആയിരക്കണക്കിന് ഒട്ടകങ്ങളടങ്ങുന്ന സംഘങ്ങൾ വൻകരകൾ കടന്ന് സഞ്ചരിച്ചിരുന്ന വ്യാപാര ചരിത്രവും പ്രദർശനം ഓർമ്മിപ്പിക്കുന്നു.
പരമ്പരാഗത അതിജീവന മാർഗത്തിൽ നിന്ന് പൈതൃക കായിക വിനോദങ്ങളിലേക്കുള്ള ഒട്ടകങ്ങളുടെ മാറ്റവും പ്രദർശനം ചർച്ച ചെയ്യുന്നു. യുഎഇ സർവകലാശാലയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ ഒട്ടകങ്ങളുടെ എണ്ണം 2015-ലെ 4.3 ലക്ഷത്തിൽ നിന്ന് 2022 ആയപ്പോഴേക്കും 5.69 ലക്ഷമായി ഉയർന്നു. ഇവയിൽ 90 ശതമാനത്തോളം അബുദാബിയിലാണ് സംരക്ഷിക്കപ്പെടുന്നത്. അൽ ഹെജിൻ ഒട്ടകയോട്ട മത്സരങ്ങളും കോടികൾ വിലമതിക്കുന്ന മസയ്ന സൗന്ദര്യ മത്സരങ്ങളും ഇന്ന് ഈ മേഖലയിലെ പ്രധാന ആകർഷണങ്ങളാണ്. പ്രതിവർഷം 7,000 ടണ്ണിലധികം പാസ്ചറൈസ്ഡ് ഒട്ടകപ്പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം, അന്താരാഷ്ട്ര ഗുണനിലവാര അംഗീകാരത്തോടെ യൂറോപ്പിലേക്കും ചൈനയിലേക്കും അമേരിക്കയിലേക്കും ഇത് കയറ്റുമതി ചെയ്യുന്നുമുണ്ട്.
പുരാവസ്തുക്കൾക്ക് പുറമെ, യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ‘അൽഹിദാഅ്’ (ഒട്ടകങ്ങളെ വിളിക്കുന്ന പരമ്പരാഗത കാവ്യാലാപനം), ‘തഗ്റൂദ’ എന്നിവയുടെ അപൂർവ ശബ്ദരേഖകളും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. ഫുജൈറയിൽ നിന്നുള്ള 3,000 വർഷം പഴക്കമുള്ള ശിലാചിത്രങ്ങൾ, 1840-കളിൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച അപൂർവ പുസ്തകം, ആദ്യകാല യുഎഇ തപാൽ സ്റ്റാമ്പുകൾ എന്നിവയിലൂടെ മരുഭൂമിയുടെ സംസ്കാരത്തെ സമഗ്രമായി അനുഭവിച്ചറിയാൻ സന്ദർശകർക്ക് അവസരമൊരുങ്ങും.










