അബുദാബി : യുഎഇയെ സംരംഭകരുടെ ആഗോള കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് യുവ സംരംഭകരെ പരിശീലിപ്പിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. രാജ്യമാകെ 10,000 യുവ സംരംഭകരെയാണ് പരിശീലിപ്പിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.യുഎഇ – ദ് ഗ്ലോബൽ ക്യാപ്പിറ്റൽ ഓഫ് ഒൻട്രപ്രനർഷിപ്പ് എന്നു പേരിട്ട പദ്ധതിയുമായി പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള 50 കമ്പനികൾ സഹകരിക്കും. 5 വർഷത്തിനകം 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പുതിയ സാമ്പത്തിക അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളെ സജ്ജരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.യുവാക്കൾ സ്വന്തമായി കമ്പനിയുണ്ടാക്കി അവസരങ്ങൾ ഉപയോഗപ്പെടുത്തി വളർന്ന് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് കരുത്താകണമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സ്റ്റാർട്ടപ് എമിറേറ്റ്സ് എന്ന പേരിൽ പുതിയ പ്ലാറ്റ് ഫോമും ആരംഭിക്കും. യുഎഇയുടെ സാമ്പത്തിക കുതിപ്പിൽനിന്ന് പ്രയോജനം നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇതിലൂടെ ജനങ്ങളെ ബോധവൽക്കരിക്കും.
ടൂറിസം, റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി രാജ്യത്തെ ചെറുകിട, ഇടത്തരം കമ്പനികൾ എണ്ണ ഇതര ജിഡിപിയുടെ 63 ശതമാനത്തിലധികം സംഭാവന ചെയ്യുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലും അവയ്ക്ക് മികച്ച വ്യവസായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലും ആഗോള തലത്തിൽ മികച്ച 56 സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് യുഎഇ. പുതിയ പദ്ധതിയിലൂടെ ചെറുകിട, ഇടത്തരം വിഭാഗം കമ്പനികളുടെ എണ്ണം വർധിക്കുമെന്നാണ് കരുതുന്നത്.