ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ സൗദി അറേബ്യയിൽ എത്തിത്തുടങ്ങി. ആദ്യദിനം മാത്രം 30 വിമാനങ്ങളിലായി ആയിരക്കണക്കിന് ഹാജിമാരാണ് എത്തിയത്.
പാകിസ്ഥാൻ, തുർക്കി, അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഇന്ത്യ, ബംഗ്ലാദേശ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ തീർഥാടകർ എത്തിയത്. ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ഹജ്ജ് നടപടികൾ ലളിതമാക്കുന്നതിനായി ഇത്തവണ ‘മക്ക റൂട്ട്’ പദ്ധതി വ്യാപകമായി നടപ്പിലാക്കിയിട്ടുണ്ട്. സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ വെച്ചുതന്നെ ഇമിഗ്രേഷൻ, ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കുന്ന ഈ സംവിധാനത്തിലൂടെ തീർഥാടകർക്ക് സൗദിയിൽ ഇറങ്ങിയ ഉടൻ തന്നെ പാസ്‌പോർട്ട് കൗണ്ടറുകളിൽ നീണ്ട ക്യൂ ഒഴിവാക്കി നേരിട്ട് യാത്ര തുടരാം.
ബംഗ്ലാദേശിൽ നിന്നുള്ള സൗദി വിമാനത്തിലാണ് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയ ആദ്യ സംഘം എത്തിയത്. തീർഥാടകരുടെ ലഗേജുകൾ അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് നേരിട്ട് താമസസ്ഥലങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് സേവനങ്ങളിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ഗതാഗത-ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് ബിൻ നാസർ അൽ ജാസിർ പ്രതികരിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മക്കയിലെ ഹോട്ടലുകളും താമസസൗകര്യങ്ങളും സജ്ജമാണോയെന്ന് സൗദി വിനോദസഞ്ചാര മന്ത്രാലയം വിലയിരുത്തി. മക്ക ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്ന് നടത്തിയ യോഗത്തിൽ സേവന നിലവാരങ്ങൾ പരിശോധിച്ചു.
തീർഥാടകരുടെ സൗകര്യത്തിനായി വിവിധ ഭാഷകളിൽ മാർഗനിർദേശങ്ങളും സഹായസംഘങ്ങളും ഒരുക്കിയിട്ടുണ്ട്. മദീനയിലേക്കും മക്കയിലേക്കുമുള്ള യാത്ര സുഗമമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കുന്നതായും അധികൃതർ അറിയിച്ചു.








































