വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗത പാതയായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ ആഗ്രഹിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. പുറമേക്ക് കടുത്ത നിലപാടുകൾ പറയുന്ന ഇറാൻ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാത തുറക്കാനായി ഇടനിലക്കാർ വഴി തന്നെ സമീപിച്ചതായും ട്രംപ് വെളിപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ട്രംപിന്റെ വാദപ്രകാരം, ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിനാൽ ഇറാൻ പ്രതിദിനം ഏകദേശം 500 മില്യൺ ഡോളർ (ഏകദേശം 4,200 കോടി രൂപ) വരുമാനം നഷ്ടപ്പെടുകയാണ്. ഈ നഷ്ടം ഒഴിവാക്കാനാണ് പാത തുറക്കാൻ ഇറാൻ താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധമാണ് നിലവിൽ ഈ പാതയിൽ ഗതാഗതം നിലച്ചതിന്റെ പ്രധാന കാരണം.
ഇറാൻ പൊതുവേദികളിൽ കടുത്ത നിലപാട് തുടരുമ്പോഴും, യാഥാർത്ഥ്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇളവ് തേടുകയാണെന്നായിരുന്നു ട്രംപിന്റെ വിമർശനം. “മുഖം രക്ഷിക്കാൻ കടുപ്പം കാണിച്ചാലും, അവർക്ക് പാത തുറക്കേണ്ടതുണ്ട്” എന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത്. നാല് ദിവസം മുമ്പ് തന്നെ ചില ഇടനിലക്കാർ ഇതുമായി ബന്ധപ്പെട്ട സന്ദേശവുമായി സമീപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യഥാർത്ഥ കരാറുകൾ പൂർത്തിയാകുന്നതിന് മുമ്പ് കടലിടുക്ക് തുറക്കുന്നത് അമേരിക്കയ്ക്ക് തിരിച്ചടിയാകാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതിനാൽ നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനായി ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായും അദ്ദേഹം അറിയിച്ചു.
സംഘർഷത്തിന് മുൻപ് പ്രതിദിനം ഏകദേശം 140 കപ്പലുകൾ സഞ്ചരിച്ചിരുന്ന ഹുർമുസ് കടലിടുക്ക് ഇപ്പോൾ നിലച്ച നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വെറും മൂന്ന് കപ്പലുകൾ മാത്രമാണ് പാത കടന്നുപോയത്. ആയിരക്കണക്കിന് നാവികരും നൂറുകണക്കിന് കപ്പലുകളും മേഖലയിലുടനീളം കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു വിഹിതം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നതിനാൽ, നിലവിലെ പ്രതിസന്ധി ആഗോള ഇന്ധന വിപണിയെയും സാമ്പത്തിക സ്ഥിരതയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി അനുകൂല കരാറിലേക്കെത്തിക്കാനാണ് അമേരിക്കയുടെ തന്ത്രമെന്ന വിലയിരുത്തലാണ് നിലനിൽക്കുന്നത്.







































