ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് സെൻട്രൽ ബാങ്ക് സന്ദർശകർക്കായി ബാങ്കിംഗ് മേഖലയിലെ ഒരു നിർണായക മാറ്റത്തിന് തുടക്കം കുറിച്ച് ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. യു.എ.ഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി മിനിറ്റുകൾക്കുള്ളിൽ തന്നെ ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി)യും അബൂദാബി കൊമേഴ്ഷ്യൽ ബാങ്കും (എ.ഡി.സി.ബി) ചേർന്നുള്ള സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സന്ദർശകരുടെ ബയോമെട്രിക് വിവരങ്ങളും മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഐ.സി.പി ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ നൽകും.
ഈ ഡിജിറ്റൽ ഐഡന്റിറ്റി എ.ഡി.സി.ബിയുടെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നതിലൂടെ, ലളിതമായ ഡിജിറ്റൽ നടപടിക്രമങ്ങൾ ഉപയോഗിച്ച് സന്ദർശകർക്ക് വളരെ വേഗത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാനാകും. അക്കൗണ്ട് തുറന്നതോടെ തന്നെ ഡിജിറ്റൽ ഡെബിറ്റ് കാർഡ് ഉൾപ്പെടെയുള്ള അടിസ്ഥാന ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും.
നിലവിൽ സന്ദർശകർക്ക് യു.എ.ഇയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും, നിരവധി രേഖകൾ സമർപ്പിക്കേണ്ടതിനാൽ നടപടിക്രമങ്ങൾ സങ്കീർണമായിരുന്നു. ഇതോടെ പലരും അക്കൗണ്ട് തുറക്കുന്നതിൽ നിന്ന് പിന്തിരിയുകയായിരുന്നു. പുതിയ പദ്ധതി ഈ സങ്കീർണതകൾ ഒഴിവാക്കി പൂർണമായും ഡിജിറ്റൽ ഐഡന്റിറ്റി അടിസ്ഥാനമാക്കിയ സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
കാഷ് ഇടപാടുകൾ കുറയ്ക്കുന്നതിനും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ഉൾക്കൊള്ളൽ വർധിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
‘ടൂറിസ്റ്റ് ഐഡന്റിറ്റി’, ‘ജയ്‌വാൻ’ കാർഡ്, ‘ആനി’ പ്ലാറ്റ്‌ഫോം തുടങ്ങിയ ദേശീയ പേയ്‌മെന്റ് സംവിധാനങ്ങളുമായി സന്ദർശകരെ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
സന്ദർശക വിസയിൽ എത്തുന്നവർക്ക് ബിസിനസ് ആവശ്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയും സുരക്ഷിതവും ഏകീകൃതവുമായ ബാങ്കിംഗ് അനുഭവം നൽകുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ മേഖലകളിൽ തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാനും ഈ സംവിധാനം സഹായകരമാകും.










































