മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുത്തത് 47,000-ത്തിലധികം ആളുകൾ; കാർഷിക സാങ്കേതികവിദ്യയിലും ഭക്ഷ്യസുരക്ഷയിലും വലിയ നിക്ഷേപം.
അബുദാബി — ഭക്ഷ്യസുരക്ഷ, കാർഷിക സാങ്കേതികവിദ്യ, അന്താരാഷ്ട്ര വ്യാപാരം എന്നിവ ലക്ഷ്യമിട്ട് അബുദാബിയിൽ നടന്ന ഗ്ലോബൽ ഫുഡ് വീക്ക് 2026 വൻ വാണിജ്യ നേട്ടങ്ങളോടെ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി 690 കോടി ദിർഹത്തിന്റെ (6.9 ബില്യൺ ദിർഹം) 97 കരാറുകളാണ് മേളയിൽ ഒപ്പുവെച്ചത്.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അഡ്‌നെക് (ADNEC) സെന്ററിലാണ് പ്രദർശനം നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒപ്പിട്ട കരാറുകളുടെ മൂല്യത്തിൽ 5 ശതമാനത്തിന്റെ വർധനവുണ്ടായി.
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുമായി (ADAFSA) സഹകരിച്ച് മൊദോൺ കമ്പനിയായ അഡ്‌നെക് ഗ്രൂപ്പാണ് മേള സംഘടിപ്പിച്ചത്. 92 രാജ്യങ്ങളിൽ നിന്നായി 2,580 പ്രദർശകർ ഇത്തവണ പങ്കെടുത്തു. 47,092 സന്ദർശകരാണ് മൂന്ന് ദിവസങ്ങളിലായി പ്രദർശന നഗരിയിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 17 ശതമാനം വർധന രേഖപ്പെടുത്തി.
പങ്കെടുത്ത കമ്പനികളിൽ 67 ശതമാനവും യുഎഇയിലെ പ്രാദേശിക സംരംഭങ്ങളായിരുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി (SME) പ്രത്യേക പവലിയൻ ഒരുക്കിയത് പ്രാദേശിക ഉൽപാദകർക്ക് ആഗോള വിപണിയിലേക്ക് വഴിതുറന്നു. ആദ്യമായി പൊതുജനങ്ങൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ‘ഷോപ്പ് അറ്റ് ദ ഷോ’ സൗകര്യവും ഇത്തവണ ഏർപ്പെടുത്തിയിരുന്നു.
കാലാവസ്ഥാ വ്യതിയാനം, ജലദൗർലഭ്യം, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ മറികടക്കാൻ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് അഡാഫ്സ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. താരിഖ് അഹമ്മദ് അൽ അമേരി വ്യക്തമാക്കി. അബുദാബിയെ അന്താരാഷ്ട്ര വാണിജ്യ-വിജ്ഞാന വിനിമയത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ മേളയ്ക്ക് കഴിഞ്ഞതായി അഡ്‌നെക് ഗ്രൂപ്പ് സിഇഒ ഹുമൈദ് അൽ ദാഹിരി ചൂണ്ടിക്കാട്ടി.
ഖലീഫ ഇന്റർനാഷണൽ അവാർഡ് ഫോർ ഡേറ്റ് പാം ആൻഡ് അഗ്രികൾച്ചറൽ ഇന്നൊവേഷന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പന്ത്രണ്ടാമത് അബുദാബി ഈത്തപ്പഴ പ്രദർശനത്തിൽ 12 രാജ്യങ്ങളിൽ നിന്നുള്ള 100 പ്രതിനിധികൾ പങ്കെടുത്തു. ഈത്തപ്പഴ കൃഷിയിലെ നൂതന സംസ്കരണ രീതികളും തൈ ഉൽപാദന സാങ്കേതികവിദ്യകളും പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു.
ആഗോള തേനീച്ച വളർത്തൽ ഫെഡറേഷനുമായി (Apimondia) സഹകരിച്ച് സംഘടിപ്പിച്ച ആദ്യ അബുദാബി ഹണി സിമ്പോസിയം മധ്യപൂർവദേശത്തെ തേൻ ഉൽപാദന മേഖലയിലെ പുതിയ സാധ്യതകൾ ചർച്ച ചെയ്തു. വരണ്ട കാലാവസ്ഥയിൽ കൃത്രിമബുദ്ധിയും (AI) അത്യാധുനിക സെൻസറുകളും ഉപയോഗിച്ചുള്ള തുള്ളിനന സമ്പ്രദായങ്ങൾ, ഹൈഡ്രോപോണിക്സ്, ശീതീകരിച്ച ഭക്ഷ്യസംഭരണ സംവിധാനങ്ങൾ എന്നിവ അഗ്രിടെക് ഫോറത്തിൽ അവതരിപ്പിച്ചു.










