നിർമിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, റോബോട്ടിക്സ് മേഖലകളിലെ പ്രൊജക്ടുകൾക്ക് പിന്തുണ; അബുദാബിയിൽ പുതിയ സഹകരണ കരാർ ഒപ്പുവെച്ചു.
അബുദാബി — ഒക്ടോബർ 15, 2026 : നിർമിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, ഹെൽത്ത്ടെക് തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴ് അറബ് രാജ്യങ്ങളിൽനിന്നുള്ള 11 യുവ സംരംഭകർക്കും ഗവേഷകർക്കും 1,50,000 യു.എസ്. ഡോളറിൻ്റെ (ഏകദേശം 1.25 കോടിയിലധികം രൂപ) ധനസഹായം പ്രഖ്യാപിച്ച് അറബ് യൂത്ത് സെൻ്ററും ജനറൽ മോട്ടോഴ്സും.
യുവാക്കളുടെ ശാസ്ത്ര-സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിനും വ്യാവസായിക സഹകരണം ശക്തമാക്കുന്നതിനുമായി അബുദാബിയിൽ നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളും തമ്മിൽ പുതിയ ധാരണാപത്രം (MoU) ഒപ്പുവെച്ചു. 2021-ൽ തുടങ്ങിയ സംയുക്ത പദ്ധതിയുടെ തുടർച്ചയായാണ് ഈ വിപുലീകരണം. യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, അൾജീരിയ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളാണ് ‘യങ് അറബ് പയനിയേഴ്സ്’ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.

പ്രതിഭകൾക്കും അവരുടെ വളർച്ചയ്ക്ക് ആവശ്യമായ അവസരങ്ങൾക്കുമിടയിലുള്ള ദൂരം കുറയ്ക്കാൻ ഇത്തരം പങ്കാളിത്തങ്ങൾക്ക് സാധിക്കുമെന്ന് അറബ് യൂത്ത് സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജി. ഫാത്തിമ അൽ ഹല്ലാമി വ്യക്തമാക്കി. സ്വകാര്യ മേഖലയുമായുള്ള തന്ത്രപ്രധാന ബന്ധങ്ങൾ മേഖലയിലെ യുവതലമുറയ്ക്ക് ആഗോള തലത്തിലേക്ക് വളരാനുള്ള വഴിയൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നൂതന സാങ്കേതികവിദ്യയിലും ആരോഗ്യരംഗത്തും ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന പ്രോജക്ടുകളാണ് തിരഞ്ഞെടുക്കപ്പെട്ടവയിൽ ഭൂരിഭാഗവും:
- ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം സാങ്കേതികവിദ്യ: 4 ലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന അറബിക് ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമായ ‘ai.Uktob’-ൻ്റെ സ്ഥാപകൻ കരീം അയ്യാദ്, അൾജീരിയൻ ക്വാണ്ടം കമ്പ്യൂട്ടിങ് ഗവേഷക യുസ്ര ഫർഹാനി, പ്രതിരോധ രംഗത്തെ ഡിജിറ്റൽ ട്വിൻ-എആർ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന അക്രം അമീർ (എആർ എൻജിനീയറിങ്) എന്നിവർ പട്ടികയിൽ ഇടം നേടി.
- ഇലക്ട്രിക് മൊബിലിറ്റി: ഇലക്ട്രിക് വാഹന സാങ്കേതികവിദ്യാ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന എമിറാത്തി ഇന്നൊവേറ്റർ റാഷിദ് അഹമ്മദ് അൽ സൽമി ധനസഹായത്തിന് അർഹനായി.
- വൈദ്യശാസ്ത്ര രംഗം: ചലനശേഷി നഷ്ടപ്പെട്ടവർക്കായി കൃത്രിമ അവയവങ്ങളും റോബോട്ടിക് എക്സോസ്കെലിറ്റനുകളും നിർമിക്കുന്ന ബയോമെഡിക്കൽ എൻജിനീയർമാരായ നിസ്രീൻ അൽമാദി, ഹിക്മ ജബൗലി എന്നിവരുടെ ആരോഗ്യ സുരക്ഷാ പ്രൊജക്റ്റുകൾക്ക് ഫണ്ട് ലഭ്യമാകും.
സാമൂഹിക പുരോഗതിക്കും നൈപുണ്യ വികസനത്തിനും മുൻഗണന നൽകുന്ന സംരംഭങ്ങളും ഈ ധനസഹായത്തിന് അർഹരായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ കുട്ടികൾക്ക് കോഡിങ്ങും എഐയും പരിശീലിപ്പിക്കുന്ന ഐസ്കൂൾ (iSchool) സ്ഥാപകൻ മുഹമ്മദ് ഗാവിഷ്, സൗദിയിലെ പ്രൊഫഷണൽ മെൻ്ററിങ് സംരംഭമായ ‘വത്ബ’യുടെ സ്ഥാപകൻ മുഹമ്മദ് സൗദ് അൽ-ഒതൈബി എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സിറിയൻ അഭയാർഥികൾക്കും യുവാക്കൾക്കുമായി സ്റ്റാർട്ടപ്പ് സംവിധാനമൊരുക്കുന്ന അഹമ്മദ് ബയ്റാം, പിന്നാക്ക മേഖലകളിൽ 3.5 ലക്ഷം പേർക്ക് പരിശീലനം നൽകി 10,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ച ഈജിപ്ഷ്യൻ സംരംഭക ഹദീർ ഷലബി, ഖലീജി ആർട്ട് മ്യൂസിയത്തിലൂടെ സർഗാത്മക പ്രതിഭകളെ പിന്തുണയ്ക്കുന്ന ശരീഫ അൽഹിനായി എന്നിവരും അർഹരായി.
ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള ജനറൽ മോട്ടോഴ്സിൻ്റെ 100 വർഷത്തെ പ്രവർത്തന പാരമ്പര്യം ആഘോഷിക്കുന്ന വേളയിലാണ് അറബ് പ്രതിഭകളെ ശാക്തീകരിക്കാനുള്ള ഈ സംരംഭമെന്ന് ജനറൽ മോട്ടോഴ്സ് ആഫ്രിക്ക & മിഡിൽ ഈസ്റ്റ് പ്രസിഡൻ്റും മാനേജിങ് ഡയറക്ടറുമായ ഹോർഹെ പ്ലാറ്റ വ്യക്തമാക്കി. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഗവേഷണങ്ങൾക്കും സാങ്കേതിക വികസനത്തിനും കമ്പനി തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി സാങ്കേതികവിദ്യ, മാനുഫാക്ചറിങ്, നേതൃത്വ പാടവം എന്നീ വിഷയങ്ങളിൽ ഒട്ടേറെ സംവേദനാത്മക പരിശീലന പരിപാടികളും മെൻ്റർഷിപ്പും അറബ് യൂത്ത് സെൻ്ററും ജിഎമ്മും ചേർന്ന് സംഘടിപ്പിച്ചു വരുന്നുണ്ട്.










