അജ്മാൻ: മ്മടെ തൃശ്ശൂർ ഇവൻറ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഈണം ഓണാഘോഷം’ അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ, അൽ തല്ലയിൽ വിപുലമായ പരിപാടികളോടെ നടന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ആദ്യമായി സംഘടിപ്പിച്ച ‘മാവേലി മത്സരം’ പരിപാടിയുടെ പ്രധാന ആകർഷണമായി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 18 മാവേലിമാർ മത്സരത്തിൽ പങ്കെടുത്തു.
രാവിലെ 9 മണിക്ക് ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. വിവിധ കലാപരിപാടികൾ, സ്റ്റേജ് പരിപാടികൾ, പരമ്പരാഗത ഓണസദ്യ എന്നിവയോടെ വൈകുന്നേരം 7 മണി വരെ ആഘോഷം നീണ്ടുനിന്നു.
മാവേലി മത്സരത്തിൽ മാവേലി വേഷം, രൂപഭാവം, അവതരണം, ഓണത്തിന്റെ പാരമ്പര്യവും സന്ദേശവും പ്രതിഫലിപ്പിക്കുന്ന പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തിൽ മാവേലിക്കര സ്വദേശി അരുൺ പാർത്ഥൻ ഒന്നാം സ്ഥാനവും, കോട്ടയം സ്വദേശി ചന്ദ്രദേവ് കുന്നംപ്പിള്ളി രണ്ടാം സ്ഥാനവും, തൃപ്രയാർ സ്വദേശി ഗോപകുമാർ മേനോൻ മൂന്നാം സ്ഥാനവും നേടി. ആറന്മുള–വല്ലന സ്വദേശി ചക്കര അനൂപ് ‘പ്രേക്ഷകരുടെ ഇഷ്ട മാവേലി’ പുരസ്കാരം നേടി.
അജ്മാൻ സിവിൽ ഡിഫൻസിലെ ഫസ്റ്റ് ലെഫ്റ്റനന്റ് ഒബൈദ് ജമാൽ അൽ റമീത്തി മുഖ്യാതിഥിയായി പങ്കെടുത്തു. Ghaith Al Emarat Volunteering Team ചെയർമാൻ മുഹമ്മദ് മോഹ്സിൻ അലി ഒദാഹ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റേഡിയോ പാർട്ണറായ Home FM-നെയും ചടങ്ങിൽ ആദരിച്ചു.
അംഗങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികൾക്ക് പ്രോഗ്രാം കൺവീനർ മനോജ് ശാരദ കൃഷ്ണൻ (MSK) നേതൃത്വം നൽകി. ഓണാഘോഷത്തിന്റെ ഭാഗമായി ആദ്യമായി മാവേലി മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞത് ഈ വർഷത്തെ പ്രത്യേകതയാണെന്ന് ജനറൽ കൺവീനർ വിനോദ് കുമാർ പറഞ്ഞു.
മ്മടെ തൃശ്ശൂർ കൂട്ടായ്മ പ്രസിഡന്റ് ദിനേശ് ബാബു, ജനറൽ സെക്രട്ടറി ജെ.കെ. ഗുരുവായൂർ, ട്രഷറർ വിമൽ കേശവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യുഎഇയിലെ മലയാളി സമൂഹത്തിൽ ഓണത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്നതിനും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിപ്പിക്കുന്നതിനുമുള്ള വേദിയായി ഈണം ഓണാഘോഷം മാറി. പ്രശസ്ത അവതാരിക DJ BooBu വിൻ്റെ പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്.










