തെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ ഭീഷണിയെ അവഗണിച്ച് ചൈനീസ് എണ്ണക്കപ്പൽ ഹുർമുസ് കടന്നത് പുതിയ അന്താരാഷ്ട്ര സംഘർഷത്തിന് വഴിവെച്ചു. ‘റിച്ച് സ്റ്റാറി’ എന്ന ടാങ്കറാണ് ഉപരോധം ലംഘിച്ച് ഹുർമുസ് കടലിടുക്ക് കടന്നത്.
ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച കടുത്ത മുന്നറിയിപ്പുകൾക്കിടയിലും കപ്പൽ യാത്ര തുടരുകയായിരുന്നു. ഇറാനുമായി ബന്ധപ്പെട്ട കപ്പലുകളെ തടയുമെന്നും ആവശ്യമായാൽ ആക്രമിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനായി ഹുർമുസ് മേഖലയിൽ അമേരിക്കൻ നാവികസേന ശക്തമായി വിന്യസിച്ചിരിക്കുകയാണ്.
എന്നാൽ ഈ നീക്കങ്ങളെ മറികടന്നാണ് ചൈനീസ് കപ്പൽ കടന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഹുർമുസ് കടന്ന് ഗൾഫ് മേഖലയിലേക്ക് പ്രവേശിക്കുന്ന ആദ്യ ടാങ്കറാണിത്. ഏകദേശം 2.5 ലക്ഷം ബാരൽ മെഥനോളാണ് കപ്പലിൽ ഉള്ളത്. യു.എ.ഇയിലെ ഹംറിയ തുറമുഖത്തിൽ നിന്നാണ് ഇത് കയറ്റിയത്.
ഈ കപ്പലിനും ഉടമസ്ഥരായ ഷാങ്ഹായ് സുവാൻറൂൺ ഷിപ്പിങ് കമ്പനിക്കുമെതിരെ അമേരിക്ക ഇതിനകം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ചൈന തങ്ങളുടെ വ്യാപാര താൽപ്പര്യങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
ഇതിനിടെ ‘മുരളി കിഷൻ’ എന്ന മറ്റൊരു ടാങ്കറും ഹുർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ടുകളുണ്ട്. റഷ്യയും ഇറാനും തമ്മിലുള്ള എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട കപ്പലാണിതെന്നാണ് വിവരം.
ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ നേരത്തെ തന്നെ യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഹുർമുസ് കടലിടുക്കിൽ ചൈനീസ് കപ്പലുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കുമെന്നും ഇറാനുമായുള്ള ഊർജ കരാറുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയുടെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും എൽ.എൻ.ജി ആവശ്യത്തിന്റെ 30 ശതമാനവും ഈ കടലിടുക്കിലൂടെ തന്നെയാണ് നടക്കുന്നത്. അതിനാൽ ഹുർമുസിലെ നിയന്ത്രണങ്ങൾ ചൈനയുടെ സാമ്പത്തിക സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്.
സംഭവം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.







































