ഖലീഫ സിറ്റിയെയും സായിദ് സിറ്റിയെയും ബന്ധിപ്പിക്കുന്ന പുതിയ പാത ഗതാഗതത്തിന് സജ്ജമായി
അബുദാബി, ഓഗസ്റ്റ് 30, 2026 — പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി അബുദാബിയിലെ ഇ20 ഹൈവേയിലെ പ്രധാന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്നു. ഖലീഫ സിറ്റിയെയും സായിദ് സിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപ്പാലവും അനുബന്ധ റോഡുകളുമാണ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡി.എം.ടി) പ്രവർത്തനസജ്ജമാക്കിയത്.
പദ്ധതിയുടെ പടിഞ്ഞാറൻ ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയായതോടെ അബുദാബി നഗരത്തിലേക്കും തിരിച്ചുളള യാത്രയും ഇനി കൂടുതൽ വേഗത്തിലാകും. മുൻപ് ഇരുവശങ്ങളിലേക്കുമായി മൂന്ന് വരി പാതയായിരുന്നത് ഇപ്പോൾ അഞ്ച് വരി പാതയായി വികസിപ്പിച്ചിട്ടുണ്ട്. സ്കൂൾ സമയങ്ങളിലെ കടുത്ത ഗതാഗതക്കുരുക്കിന് ഇതോടെ വലിയ ആശ്വാസമാകും.
ഇ20 ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി കൂടുതൽ പുതിയ പാലങ്ങൾ, 10.5 കിലോമീറ്റർ നീളത്തിൽ റാംപുകൾ, സർവീസ് റോഡുകൾ എന്നിവയാണ് നിർമ്മിക്കുന്നത്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഖലീഫ സിറ്റിയിലും സമീപ പ്രദേശങ്ങളിലുമായി എട്ട് പുതിയ ട്രാഫിക് സിഗ്നൽ ജങ്ഷനുകളും സജ്ജമാക്കിയിട്ടുണ്ട്.
റോഡ് വികസനത്തോടൊപ്പം മഴവെള്ള നിഷ്കാസന സംവിധാനങ്ങൾ, ജലസേചന ശൃംഖല, തെരുവ് വിളക്കുകൾ എന്നിവയും നവീകരിച്ചു. ഇ20 ഹൈവേയുടെ കിഴക്കൻ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും പുതിയ ഇന്റർചേഞ്ചും കൂടുതൽ വരികളും ഉൾപ്പെടുന്ന ഈ ഭാഗം 2027 ആദ്യ പാദത്തിൽ പൂർണ്ണമായി തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു.










