ദുബായിലെ രണ്ട് പ്രധാന ആശുപത്രികളിൽ 60 ലധികം ഡോക്ടർമാർ പങ്കാളികളാകുന്ന പദ്ധതി അബുദാബി ഫ്യൂച്ചർ ഹെൽത്ത് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു
അബുദാബി — ഒക്ടോബർ 21, 2026 : ഡോക്ടർമാരുടെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ലഘൂകരിക്കുന്നതിനും രോഗീപരിചരണം മെച്ചപ്പെടുത്തുന്നതിനുമായി യുഎഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ മെഡിക്ലിനിക് മിഡിൽ ഈസ്റ്റ് ആംബിയന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Ambient AI) സാങ്കേതികവിദ്യ നടപ്പിലാക്കുന്നു.
ഹെൽത്ത്കെയർ ടെക്നോളജി കമ്പനിയായ കമ്മ്യൂറുമായി (Commure) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അബുദാബി ഫ്യൂച്ചർ ഹെൽത്ത് ഉച്ചകോടി 2026 ലാണ് ഇരു സ്ഥാപനങ്ങളും ചേർന്ന് ഈ സുപ്രധാന നീക്കം പ്രഖ്യാപിച്ചത്.
ദുബായിലെ മെഡിക്ലിനിക് പാർക്ക്വ്യൂ ഹോസ്പിറ്റൽ, മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിലവിൽ 60 ലധികം ഡോക്ടർമാർ ഈ ആംബിയന്റ് എ.ഐ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണങ്ങൾ കൃത്യമായി മനസ്സിലാക്കി, വിവരങ്ങൾ ക്രമാനുഗതമായ ക്ലിനിക്കൽ കുറിപ്പുകളാക്കി മാറ്റാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. തുടർന്ന് ഡോക്ടർമാർക്ക് ഇവ പരിശോധിച്ച് ഉറപ്പുവരുത്താം. കൺസൾട്ടേഷനുകൾക്കിടയിൽ കമ്പ്യൂട്ടറിൽ നേരിട്ട് ടൈപ്പ് ചെയ്യുന്നതിന് എടുക്കുന്ന അധിക സമയം ഇതുവഴി ലാഭിക്കാനാകും.
സാങ്കേതികവിദ്യകൾ എപ്പോഴും മനുഷ്യകേന്ദ്രീകൃതമായിരിക്കണമെന്ന് മെഡിക്ലിനിക് മിഡിൽ ഈസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹെയ്ൻ വാൻ എക്ക് പറഞ്ഞു. “സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ആരോഗ്യരംഗത്തിന്റെ ഭാവി മുന്നോട്ട് പോകുന്നത്. എന്നാൽ ഇത് എപ്പോഴും മനുഷ്യർക്ക് മുൻഗണന നൽകുന്നതായിരിക്കണം. വെറുമൊരു സാങ്കേതിക മാറ്റത്തിനപ്പുറം, രോഗികൾക്ക് മികച്ച പരിചരണം നൽകാനും മെഡിക്കൽ ടീമിനെ പിന്തുണയ്ക്കാനുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഡോക്ടർമാർക്ക് രോഗികളുമായി കൂടുതൽ സമയം സംവദിക്കാൻ ആംബിയന്റ് എ.ഐ വഴിയൊരുക്കും,” അദ്ദേഹം വ്യക്തമാക്കി.
യുഎഇയിലെ ബഹുസ്വര ജനവിഭാഗങ്ങളെ മുൻനിർത്തി ഇംഗ്ലീഷിന് പുറമെ അറബിക് ഭാഷയിലെ സംഭാഷണങ്ങളും തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. അറബിക് ഭാഷയിലെ ക്ലിനിക്കൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങളും തുടരുകയാണ്.
ക്ലിനിക്കൽ നിലവാരം ഉയർത്തുന്നതിനൊപ്പം ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാൻ ഈ സംവിധാനത്തിന് കഴിയുമെന്ന് കമ്മ്യൂർ സഹസ്ഥാപകനും സിഇഒയുമായ തനയ് ടണ്ടൻ അഭിപ്രായപ്പെട്ടു. യുഎഇയിൽ മികച്ച ഡിജിറ്റൽ ഹെൽത്ത് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെഡിക്ലിനിക്കിന്റെ ഈ ചുവടുവെപ്പ്.










