മാസങ്ങളോളം നീണ്ട കഠിനമായ വയറുവേദനയും അമിത രക്തസ്രാവവും; ആർത്തവ വേദനകൾ നിസ്സാരമായി കാണരുതെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
ദുബായ്, ഒക്ടോബർ 15, 2026 :ദുബായിലെ സ്വകാര്യ ആശുപത്രിയിൽ 47-കാരിയായ ഒമാനി വനിതയുടെ ഗർഭപാത്രത്തിൽനിന്ന് 44 ഫൈബ്രോയിഡ് മുഴകൾ ഡോക്ടർമാർ വിജയകരമായി നീക്കംചെയ്തു. ഗർഭപാത്രം സംരക്ഷിച്ചുകൊണ്ടായിരുന്നു അതീവ സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ.
Full Article
മാസങ്ങളായി നീണ്ടുനിന്ന കഠിനമായ ഇടുപ്പുവേദനയും ക്രമരഹിതമായ അമിത രക്തസ്രാവവും കാരണമാണ് ഒമാൻ സ്വദേശിയായ വീട്ടമ്മ മെഡ്കെയർ വിമെൻ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയത്. ഗർഭപാത്രത്തിന്റെ സ്വാഭാവിക ഘടനയെത്തന്നെ മാറ്റിയെഴുതിയ നിലയിലായിരുന്നു മുഴകളുടെ വളർച്ച. ആന്തരിക അവയവങ്ങളിൽ കടുത്ത സമ്മർദ്ദം നേരിട്ടതോടെ ഇവരുടെ ദൈനംദിന ജീവിതം ദുസ്സഹമായി മാറി.
ദുബായിൽ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ എണ്ണിയെടുക്കാൻ സാധിക്കാത്ത വിധം നിരവധി മുഴകൾ ഗർഭപാത്രത്തിൽ കണ്ടെത്തി. എന്നാൽ ഗർഭപാത്രം നീക്കം ചെയ്യാതെ നിലനിർത്തണമെന്ന രോഗിയുടെ ശക്തമായ ആവശ്യം ഡോക്ടർമാർ കണക്കിലെടുക്കുകയായിരുന്നു.
സാധാരണയായി ഇത്തരം മുഴകൾ നീക്കം ചെയ്യാൻ കീഹോൾ (ലാപ്രോസ്കോപ്പിക്) ശസ്ത്രക്രിയയാണ് ഉപയോഗിക്കാറുള്ളതെങ്കിലും, ഈ കേസിൽ മുഴകളുടെ എണ്ണക്കൂടുതലും വയറിനുള്ളിൽ രക്തം തളംകെട്ടിക്കിടന്നതും സാഹചര്യം സങ്കീർണ്ണമാക്കി. തുടർന്ന് ഓപ്പൺ ലാപ്പറോടമി ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ സംഘം തീരുമാനിക്കുകയായിരുന്നു.
ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അസ്സ ഗൗദ ഇബ്രാഹിമിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം നിയന്ത്രിക്കുന്നതിനായി ഗർഭാശയ ധമനികളിലേക്കുള്ള രക്തയോട്ടം താൽക്കാലികമായി നിയന്ത്രിക്കുന്ന ‘ബൈലാറ്ററൽ യൂട്ടറൈൻ ആർട്ടറി ലിഗേഷൻ’ എന്ന സാങ്കേതികവിദ്യയും സംഘം വിജയകരമായി പ്രയോഗിച്ചു. തുടർന്ന് അതീവ സൂക്ഷ്മതയോടെ 44 മുഴകളും ഓരോന്നായി മുറിച്ചുമാറ്റി.
“ഒറ്റ ഗർഭപാത്രത്തിൽ ഇത്രയധികം മുഴകൾ കണ്ടെത്തുന്നത് വൈദ്യശാസ്ത്രത്തിൽ വളരെ അപൂർവമാണ്,” ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. അസ്സ ഗൗദ പറഞ്ഞു. “വ്യത്യസ്ത വലിപ്പത്തിലുള്ള 44 മുഴകളാണ് രോഗിയിലുണ്ടായിരുന്നത്. ഇവയെല്ലാം ചേർന്ന് ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതായിരുന്നു. യഥാസമയം ശസ്ത്രക്രിയ ചെയ്തില്ലായിരുന്നെങ്കിൽ രക്തസ്രാവവും അനീമിയയും മൂലം ഇവരുടെ ആരോഗ്യനില കൂടുതൽ അപകടത്തിലാകുമായിരുന്നു.”
ശസ്ത്രക്രിയയ്ക്കു ശേഷം ഒരാഴ്ചയോളം നിരീക്ഷണത്തിൽ കഴിഞ്ഞ രോഗി സുഖം പ്രാപിച്ചതിനെ തുടർന്ന് ഒമാനിലേക്ക് മടങ്ങി. ഇവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
കഠിനമായ ആർത്തവ വേദന, അമിത രക്തസ്രാവം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും സ്ത്രീകൾ സ്വാഭാവിക പ്രക്രിയയായി കണ്ട് തള്ളിക്കളയുന്നത് അപകടകരമാണെന്ന് മെഡ്കെയർ മെഡിക്കൽ ഡയറക്ടർ ഡോ. അഹമ്മദ് അബ്ദുൽ ഹമീദ് ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് നടത്തുന്ന പരിശോധനകൾ വലിയ സങ്കീർണ്ണതകളിൽനിന്ന് രക്ഷനേടാൻ സഹായിക്കും.
ആഗോളതലത്തിൽ 25 മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണിത്. 50 വയസ്സിനുള്ളിൽ 70 മുതൽ 80 ശതമാനം വരെ സ്ത്രീകളിൽ ഇത്തരം ഗർഭാശയ മുഴകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര ആരോഗ്യ പഠനങ്ങൾ വ്യക്തമാക്കുന്നത്.










