പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പത്തിലേറെ സ്കൂളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ റോഡ് വികസനവും പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കി.
ദുബായ്:പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, ദുബായിലെ ആറ് പ്രധാന വിദ്യാലയ മേഖലകളിൽ സമഗ്രമായ ഗതാഗത പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പത്തിലധികം സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
വാഹനത്തിരക്ക് കുറഞ്ഞ വേനലവധി കാലയളവ് പരമാവധി പ്രയോജനപ്പെടുത്തിയാണ് റോഡ് വികസന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കിയത്. വാദി അൽ സഫ 4, അൽ ബർഷ, ഉമ്മു അൽ ഷീഫ്, ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അൽ സുഫൂഹ് എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ദുബായ് മോട്ടോർ സിറ്റിയെയും ദുബായ് സ്റ്റുഡിയോ സിറ്റിയെയും ബന്ധിപ്പിച്ച് അൽ ഖുദ്ര റോഡിൽ നിന്ന് ഹെസ്സ സ്ട്രീറ്റിലേക്ക് പുതിയ ലിങ്ക് റോഡ് നിർമ്മിച്ചതാണ് ഇതിൽ പ്രധാനം. മോട്ടോർ സിറ്റിയിലെ ജെംസ് മെട്രോപോൾ സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഇത് സഹായിക്കും. തിരക്കുള്ള സമയങ്ങളിൽ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് പുതിയ പാത പരിഹാരമാകും.
ഉമ്മു അൽ ഷീഫിലെ ഹൊറൈസൺ ഇന്റർനാഷണൽ സ്കൂളിന് സമീപം പാർക്കിംഗ് ശേഷി 100 ശതമാനം വർധിപ്പിച്ചു. അൽ ബർഷ സൗത്ത് സ്കൂൾ കോംപ്ലക്സിന് സമീപമുള്ള സർവീസ് റോഡുകളുടെ പ്രവേശന, നിർഗ്ഗമന കവാടങ്ങൾ പുനഃക്രമീകരിക്കുകയും അൽ സുഫൂഹിലെ ദി ഇന്റർനാഷണൽ സ്കൂൾ ഓഫ് ചൗയിഫാറ്റിന് ചുറ്റുമുള്ള റോഡുകളിൽ ആവശ്യമായ നവീകരണം നടത്തുകയും ചെയ്തു. കൂടാതെ വാദി അൽ സഫ 4-ലെ ജെംസ് വിൻചെസ്റ്റർ സ്കൂൾ പരിസരത്തും പുതിയ ഗതാഗത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ പരിസരങ്ങളിൽ വേഗത പരിമിതപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും കാൽനടയാത്രക്കാർക്കുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും സ്കൂൾ ബസ് ഡ്രൈവർമാരും രക്ഷിതാക്കളും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആർ.ടി.എ അഭ്യർത്ഥിച്ചു. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം വാഹനം നിർത്തുക, ഭിന്നശേഷിക്കാർക്കും അടിയന്തര ആവശ്യങ്ങൾക്കുമുള്ള പാർക്കിംഗ് കേന്ദ്രങ്ങൾ ഒഴിവാക്കുക, സ്കൂൾ ബസുകളുടെ നിർത്താനുള്ള സിഗ്നലുകൾ മാനിച്ച് വാഹനം നിർത്തുക എന്നിവ ഇതിൽ പ്രധാനമാണ്.










