നടപടിക്രമങ്ങൾ ലളിതമാക്കാനും രേഖകൾ ഏകീകരിക്കാനും സർക്കാർ ഏജൻസികളുടെയും കൺസൾട്ടന്റുമാരുടെയും സംയുക്ത ശിൽപശാല; 2026-ന്റെ ആദ്യ പകുതിയിൽ നൽകിയത് 45,500-ലധികം അനുമതികൾ
ദുബായ്, ഒക്ടോബർ 13, 2026 : റോഡ് വികസനവും നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കുന്നതിനായി നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (NOC), ബിൽഡിങ് പെർമിറ്റ് സംവിധാനങ്ങൾ അടിമുടി നവീകരിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നടപടികൾ ആരംഭിച്ചു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി സർക്കാർ വകുപ്പുകളുടെയും പ്രമുഖ എൻജിനീയറിങ് കൺസൾട്ടൻസി പ്രതിനിധികളുടെയും പ്രത്യേക ശിൽപശാല ദുബായിൽ ചേർന്നു. അപേക്ഷാ നടപടികൾ ലളിതമാക്കാനും സാങ്കേതിക പരിശോധനകളിലെ കാലതാമസം ഒഴിവാക്കാനുമുള്ള നിർദേശങ്ങളാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്.
റോഡുകളിലും പൊതുസ്ഥലങ്ങളിലും (റൈറ്റ്-ഓഫ്-വേ) നടക്കുന്ന വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന ആർടിഎയുടെ ഏകീകൃത ഡിജിറ്റൽ സംവിധാനത്തിൽ നിലവിൽ 11 സർക്കാർ-സേവന ഏജൻസികൾ പങ്കാളികളാണ്. പദ്ധതികളുടെ വ്യാപ്തിയും സ്വഭാവവും അനുസരിച്ച് മൂന്ന് മുതൽ ഏഴ് ദിവസത്തിനകമാണ് നിലവിൽ ഇത്തരം എൻഒസികൾ അനുവദിക്കുന്നത്.
നഗരത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ അനുമതികൾ നൽകുന്നതിനുള്ള സമയപരിധി ഇനിയും ചുരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി റൈറ്റ്-ഓഫ്-വേ ഡയറക്ടർ ആരിഫ് ശക്രി വ്യക്തമാക്കി. ദുബായ് സർക്കാരിന്റെ ഡിജിറ്റൽ നയങ്ങൾക്ക് അനുസൃതമായി സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും വിവരവിനിമയവും കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026-ന്റെ ആദ്യ ആറു മാസങ്ങളിൽ മാത്രം വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി 45,595 എൻഒസികളാണ് ആർടിഎ നൽകിയത്. അനുമതികൾക്കായി വലിയ തോതിലുള്ള അപേക്ഷകൾ എത്തുന്ന പശ്ചാത്തലത്തിലാണ് സംവിധാനങ്ങൾ കൂടുതൽ നവീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.
ഒന്നിലധികം അനുമതികൾക്കായി വെവ്വേറെ അപേക്ഷകൾ സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കി, അവ ഒരൊറ്റ അപേക്ഷയായി സംയോജിപ്പിക്കാൻ ശിൽപശാലയിൽ ധാരണയായി. എൻഒസി അനുവദിച്ചാലുടൻ തന്നെ നിർമാണ ജോലികൾ ആരംഭിക്കാൻ കരാറുകാരെ സഹായിക്കുന്ന തരത്തിൽ അനുബന്ധ നടപടികൾ ഓട്ടോമേറ്റ് ചെയ്യാനും വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ രേഖകളുടെ എണ്ണം കുറയ്ക്കാനും യോഗം ശുപാർശ ചെയ്തു.
നിക്ഷേപകർക്കും നിർമാണ കമ്പനികൾക്കും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ ദുബായിയുടെ ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ ഈ പരിഷ്കാരങ്ങൾ വഴിയൊരുക്കും.










