പരമ്പരാഗത വ്യാപാരത്തിനപ്പുറം കാർഷിക-വ്യാവസായിക മേഖലകളിൽ വൻകിട നിക്ഷേപങ്ങൾക്ക് വഴിയൊരുക്കാൻ ബിസിനസ് ഫോറം തീരുമാനിച്ചു.
അഡിസ് അബാബ — ഒക്ടോബർ 23, 2026 : യുഎഇയും ഇത്യോപ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (എസ്.സി.സി.ഐ) അഡിസ് അബാബ ചേംബറും തലസ്ഥാന നഗരിയിൽ വെച്ച് ചരിത്രപരമായ സഹകരണ കരാറിൽ ഒപ്പുവെച്ചു.
ഷാർജ എക്സ്പോർട്ട് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ അഡിസ് അബാബയിൽ സംഘടിപ്പിച്ച ‘ഷാർജ–ഇത്യോപ്യ ബിസിനസ് ഫോറ’ത്തിലാണ് ഇരുരാജ്യങ്ങളിലെയും വ്യാപാര പ്രമുഖർ പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ടത്. എമിറേറ്റ്സിൽ നിന്നുള്ള പ്രതിനിധികളും ഇത്യോപ്യയിലെ നൂറ്റിനാല്പതിലധികം മുൻനിര ബിസിനസ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2021-2025) യുഎഇയും ഇത്യോപ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 560 കോടി ഡോളറിലെത്തിയതായി (ഏകദേശം 46,000 കോടിയിലധികം രൂപ) ഇത്യോപ്യൻ വാണിജ്യ-മേഖലാ സംയോജന മന്ത്രാലയ പ്രതിനിധി ബെറകറ്റ് മെസററ്റ് വ്യക്തമാക്കി. ഇതിൽ 440 കോടി ഡോളർ യുഎഇയിൽ നിന്നുള്ള ഇറക്കുമതിയും 120 കോടി ഡോളർ ഇത്യോപ്യയിൽ നിന്നുള്ള കയറ്റുമതിയുമാണ്. കാപ്പി, എള്ള്, ഇറച്ചി, പൂക്കൾ, പുതിയ പച്ചക്കറികൾ എന്നിവയാണ് ഇത്യോപ്യയിൽ നിന്ന് യുഎഇയിലേക്ക് പ്രധാനമായും എത്തുന്ന ഉൽപ്പന്നങ്ങൾ.
ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ഇത്യോപ്യൻ വ്യവസായ സഹമന്ത്രി ഹസ്സൻ മുഹമ്മദ്, യുഎഇ സ്ഥാനപതി അബ്ദല്ല ഹസ്സൻ അൽശംസി, അഡിസ് അബാബ ചേംബർ സെക്രട്ടറി ജനറൽ സക്കറിയാസ് അസെഫ എന്നിവരുടെ സാന്നിധ്യത്തിലാണ് സുപ്രധാന കരാർ ഒപ്പിട്ടത്. കേവലം ചരക്കുനീക്കത്തിനപ്പുറം വ്യവസായ നിർമാണം, സാങ്കേതിക കൈമാറ്റം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിലേക്ക് ഗൾഫ് നിക്ഷേപകർ കടന്നുവരണമെന്ന് ഇത്യോപ്യൻ വ്യവസായ സഹമന്ത്രി ആവശ്യപ്പെട്ടു.
ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, ലെതർ ഉൽപ്പന്നങ്ങൾ, നിർമാണ സാമഗ്രികൾ, ഭക്ഷ്യ സംസ്കരണം, കാർഷിക ഉപകരണങ്ങൾ എന്നീ മേഖലകളിൽ വിദേശ നിക്ഷേപകർക്ക് രാജ്യം വലിയ അവസരങ്ങളാണ് ഒരുക്കുന്നതെന്ന് വ്യവസായ മന്ത്രാലയം വ്യക്തമാക്കി. യന്ത്രവൽകൃത കൃഷി, ലോജിസ്റ്റിക്സ് ശൃംഖല, പാക്കേജിങ് തുടങ്ങിയ രംഗങ്ങളിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കാൻ യുഎഇ കമ്പനികളും താല്പര്യം അറിയിച്ചിട്ടുണ്ട്.
ഷാർജയിൽ നിന്നെത്തിയ പത്ത് പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ ഇത്യോപ്യൻ സംരംഭകരുമായി നേരിട്ട് ബി2ബി (B2B) ചർച്ചകൾ നടത്തി. വിപണി ആവശ്യങ്ങൾ മനസ്സിലാക്കി ദീർഘകാല നിക്ഷേപങ്ങളിലേക്ക് കടക്കാൻ പുതിയ കരാർ വഴിതുറക്കുമെന്നാണ് ഗൾഫ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.










