ഏഴര മാസം കൊണ്ട് 185,000 ചതുരശ്ര മീറ്റർ പ്രദേശം നവീകരിച്ചു; 4,160 പെയ്ഡ് പാർക്കിങ് കേന്ദ്രങ്ങളും 53 പുതിയ റോഡുകളും തുറന്നു.
ഷാർജ, ഒക്ടോബർ 20, 2026 : ഷാർജയിലെ തിരക്കേറിയ റെസിഡൻഷ്യൽ മേഖലകളിലൊന്നായ അൽ യർമൂക്കിൽ സമഗ്ര വികസന പദ്ധതി പൂർത്തിയായി. എമിറേറ്റിന്റെ ചരിത്രത്തിലാദ്യമായി ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക മോട്ടോർസൈക്കിൾ പാർക്കിങ് സൗകര്യം ഇവിടെ ഏർപ്പെടുത്തി.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം നടപ്പാക്കിയ പദ്ധതി കരാർ കാലാവധിക്കും നാലര മാസം മുൻപേയാണ് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത്. ഒരു വർഷം നിശ്ചയിച്ചിരുന്ന പണികൾ കൃത്യമായ ആസൂത്രണത്തിലൂടെ ഏഴര മാസം കൊണ്ട് പൂർത്തിയായി.
നഗരത്തിലെ ഗതാഗതക്കുരുക്കും ക്രമരഹിതമായ പാർക്കിങ്ങും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക പാർക്കിങ് ഇടങ്ങൾ തയ്യാറാക്കിയത്. ഇതിനൊപ്പം റോഡരികുകളിലും തുറസ്സായ സ്ഥലങ്ങളിലുമായി 4,160 പെയ്ഡ് കാർ പാർക്കിങ് കേന്ദ്രങ്ങളും പ്രവർത്തനസജ്ജമായി. മേഖലയിലെ ഒഴിഞ്ഞുകിടന്ന 36 പ്ലോട്ടുകൾ വൃത്തിയാക്കി നിരപ്പാക്കിയതിൽ ചിലത് സ്മാർട്ട് പാർക്കിങ്ങിനായും സ്കൂൾ ബസുകളുടെ പാർക്കിങ്ങിനായും നീക്കിവെച്ചു.
ഏകദേശം ഒൻപത് കിലോമീറ്റർ നീളത്തിൽ 53 റോഡുകളാണ് പദ്ധതിയുടെ ഭാഗമായി പുനർനിർമിച്ചത്. കാൽനടയാത്രക്കാർക്കായി 31,320 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 41 ഇടനാഴികളും നടപ്പാതകളും ഒരുക്കി. മഴവെള്ളപ്പാച്ചിലും മലിനജല പ്രശ്നങ്ങളും പരിഹരിക്കാൻ 14,800 മീറ്റർ നീളത്തിൽ പുതിയ ഡ്രെയിനേജ്-സീവേജ് പൈപ്പ്ലൈനുകൾ സ്ഥാപിച്ചു. വൈദ്യുതി, കുടിവെള്ളം, ഗ്യാസ്, ടെലികോം ശൃംഖലകളും ഇതോടൊപ്പം പൂർണമായി നവീകരിച്ചു.
താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി 5,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ പാർക്ക് തുറന്നു. കുട്ടികളുടെ കളിസ്ഥലം, ഫുട്ബോൾ ഗ്രൗണ്ട്, ഇരിപ്പിടങ്ങൾ, നിരീക്ഷണ ഓഫീസ് എന്നിവ ഈ പാർക്കിലുണ്ട്. പാരമ്പര്യ പ്രകൃതി ഘടന നിലനിർത്തുന്നതിനായി പ്രദേശം മുൻപേ സംരക്ഷിച്ചുപോന്ന വലിയൊരു ഗാഫ് മരത്തെ കേന്ദ്രീകരിച്ച് രണ്ടാമതൊരു ചെറുകിട പാർക്കും സജ്ജമാക്കിയിട്ടുണ്ട്. റോഡരികുകളിൽ 280-ലധികം കടൽച്ചെമ്പരത്തി (സീ ഹൈബിസ്കസ്) മരങ്ങളും നട്ടുപിടിപ്പിച്ചു.
കെട്ടിടങ്ങളുടെ മുഖച്ഛായ മാറ്റുന്നതിനായി 535 കെട്ടിടങ്ങൾ പരിശോധിച്ച മുനിസിപ്പാലിറ്റി, അറ്റകുറ്റപ്പണികൾക്കായി 231 കെട്ടിട ഉടമകൾക്ക് സൗജന്യ പെർമിറ്റുകൾ നൽകി. ഫീസുകൾ ഒഴിവാക്കിയതോടെ കെട്ടിടങ്ങളുടെ പെയിന്റിങ്ങും മോടിപിടിപ്പിക്കലും വേഗത്തിലായി. മേഖലയിലെ ശുചിത്വവും സുരക്ഷയും തുടർച്ചയായി നിരീക്ഷിക്കുന്നതിന് മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർക്കായി പ്രത്യേക ഫീൽഡ് സെന്ററും പ്രവർത്തനമാരംഭിച്ചു.
സുരക്ഷയ്ക്കായി 227 ഊർജ്ജക്ഷമതയുള്ള തെരുവ് വിളക്കുകളും ഇന്റഗ്രേറ്റഡ് സിസിടിവി ക്യാമറ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളുടെയും വ്യാപാരികളുടെയും ദൈനംദിന ജീവിതത്തെ ബാധിക്കാത്ത വിധം ഏഴ് വ്യത്യസ്ത സോണുകളായി തിരിച്ചായിരുന്നു നിർമാണപ്രവർത്തനങ്ങൾ. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA), ടൗൺ പ്ലാനിങ് വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഷാർജ പൊലീസ്, സെവ (SEWA) എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.










