അസ്താനയിലെ പ്രസിഡൻഷ്യൽ ആർക്കൈവിനും സർവകലാശാലകൾക്കും ഇസ്‌ലാമിക വാസ്തുവിദ്യ ഗ്രന്ഥങ്ങൾ കൈമാറി; ‘ജുസൂർ’ സംരംഭത്തിന്റെ ഭാഗമായി പ്രതിനിധി സംഘം സന്ദർശനം നടത്തി.
അസ്താന —മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സാംസ്കാരിക-വിദ്യാഭ്യാസ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി കസാഖ്‌സ്താനിൽ വിപുലമായ സാംസ്കാരിക പ്രവർത്തനങ്ങളുമായി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ.
യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയും കസാഖ്‌സ്താനിലെ യുഎഇ എംബസിയുടെയും സഹകരണത്തോടെ ‘ജുസൂർ’ പദ്ധതിക്ക് കീഴിൽ ‘മിനററ്റ്‌സ് ഓഫ് ദ ടു ക്യാപിറ്റൽസ്’ എന്ന പേരിലാണ് പരിപാടികൾ നടക്കുന്നത്. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സഹിഷ്ണുതയും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായാണ് സംഘം അസ്താനയിലെത്തിയത്.
കഴിഞ്ഞ എട്ട് വർഷമായി കസാഖ്‌സ്താനിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുമായി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായി, ഇസ്‌ലാമിക വാസ്തുവിദ്യയെയും കലകളെയും ആസ്പദമാക്കി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് ലൈബ്രറി തയ്യാറാക്കിയ അപൂർവ റഫറൻസ് പുസ്തകങ്ങൾ കസാഖ്‌സ്താൻ പ്രസിഡന്റിന്റെ ആർക്കൈവിലേക്ക് സംഘം കൈമാറി.
ലോകമെമ്പാടുമുള്ള ജനങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയെന്ന പള്ളിയുടെ ലക്ഷ്യമാണ് കസാഖ്‌സ്താനിലെ ഇടപെടലുകളിലൂടെ വ്യക്തമാകുന്നതെന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ ഡയറക്ടർ ജനറൽ ഡോ. യൂസഫ് അൽ ഉബൈദ്‌ലി പറഞ്ഞു. 2012-ൽ ആരംഭിച്ച അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായി ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 21-ലധികം മോഡലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അസ്താനയിലെ മഖ്‌സൂത് നരിക്ബയേവ് സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും നയതന്ത്ര പ്രതിനിധികളെയും അഭിസംബോധന ചെയ്ത് ഡോ. അൽ ഉബൈദ്‌ലി പ്രഭാഷണം നടത്തി. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ പള്ളിയുടെ നിർമ്മാണത്തിലും പ്രവർത്തനങ്ങളിലും എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സാംസ്കാരിക സന്ദർശനമെന്ന് കസാഖ്‌സ്താനിലെ യുഎഇ അംബാസഡർ ഡോ. മുഹമ്മദ് സഈദ് അൽ അരിഖി ചൂണ്ടിക്കാട്ടി. അസ്താനയിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച പ്രതിനിധി സംഘം, വെറും വാക്കുകളിലൂടെയല്ലാതെ ക്രിയാത്മകമായ ഇടപെടലുകളിലൂടെയാണ് സാംസ്കാരിക ഐക്യം സാധ്യമാകുന്നതെന്നും വ്യക്തമാക്കി.










