മക്ക: ഹജ്ജ് തീർഥാടകർക്കും ഹജ്ജ് സേവനരംഗത്തുള്ള ജീവനക്കാർക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനായി സൗദിയുടെ സമഗ്ര ദേശീയ ഡിജിറ്റൽ ആപ്ലിക്കേഷനായ ‘തവക്കൽന’ ഇനി 19 ഭാഷകളിൽ സേവനം ലഭ്യമാക്കും. മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ സേവനം ലഭ്യമാക്കിയതായി സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി അറിയിച്ചു.
അറബിക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉർദു, ഇന്തോനേഷ്യൻ ഉൾപ്പെടെ 19 ഭാഷകളിൽ ആപ്പ് പ്രവർത്തിക്കും. ഹജ്ജ് തീർഥാടകർ സൗദിയിലെത്തുന്ന നിമിഷം മുതൽ മടങ്ങുന്നതുവരെ ആവശ്യമായ ഡിജിറ്റൽ സേവനങ്ങൾ സുഗമമാക്കുന്നതിനായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘തസ്‌റീഹ്’ പ്ലാറ്റ്‌ഫോമുമായി തവക്കൽനയെ സംയോജിപ്പിച്ചിട്ടുള്ളതിനാൽ വിവിധ രേഖകളും അനുമതികളും ഡിജിറ്റലായി കൈകാര്യം ചെയ്യാൻ സാധിക്കും. മക്കയിലേക്കുള്ള പ്രവേശനാനുമതി, ജോലി പെർമിറ്റ്, സന്നദ്ധസേവന അനുമതി, വാഹനാനുമതി തുടങ്ങിയ സർക്കാർ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാകും.
ആത്മീയ ആവശ്യങ്ങൾക്കും സുരക്ഷയ്ക്കുമായി പ്രത്യേക ഫീച്ചറുകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറഫ പ്രഭാഷണം വിവിധ ഭാഷകളിൽ കേൾക്കാനുള്ള സൗകര്യം, അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ സഹായിക്കുന്ന ‘അസ്അഫ്നി’ സേവനം, തത്സമയ കാലാവസ്ഥ വിവരങ്ങൾ, ഖിബ്ല ദിശ, നമസ്‌കാര സമയം, വിശുദ്ധ ഖുർആൻ പാരായണം തുടങ്ങിയ സേവനങ്ങളും തീർഥാടകർക്കായി ലഭ്യമാക്കിയിട്ടുണ്ട്.
നിലവിൽ 35 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള തവക്കൽന ആപ്പ് 350-ലധികം സർക്കാർ ഏജൻസികളുമായി സഹകരിച്ച് 1,300-ലധികം സേവനങ്ങൾ നൽകുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസം, ടൂറിസം, വ്യക്തിഗത സേവനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലെ സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Apple App Store, Google Play, AppGallery, Galaxy Store എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് തീർഥാടകർക്കു സേവനങ്ങൾ ഉപയോഗിക്കാം.







































