ജീനോമിക്സ്, എഐ നിയന്ത്രണങ്ങൾ, ലബോറട്ടറി ശൃംഖലകൾ, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഒന്നിച്ച് നടപ്പാക്കി യുഎഇ; ആരോഗ്യപരിപാലന രംഗത്ത് സമഗ്ര മുന്നേറ്റം.
ദുബായ്, ഒക്ടോബർ 22, 2026 : ആഗോള ക്ലിനിക്കൽ ഡയഗ്‌നോസ്റ്റിക്സ് വിപണി 2031-ഓടെ 15,200 കോടി (152.1 ബില്യൺ) യുഎസ് ഡോളറിലേക്ക് കുതിക്കുമ്പോൾ, പരിശോധനാ സാങ്കേതികവിദ്യകളെ സാധാരണ ചികിത്സാ രീതികളിലേക്ക് അതിവേഗം സംയോജിപ്പിച്ച് യുഎഇ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടുന്നു.
വേൾഡ് ഹെൽത്ത് എക്സ്പോയ്ക്കായി (ഡബ്ല്യുഎച്ച്എക്സ്) പ്രമുഖ റിസർച്ച് സ്ഥാപനമായ ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഗൾഫ് മേഖലയിലെ നിർണായക മാറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്രീയ കണ്ടെത്തലുകൾ പരീക്ഷണശാലകളിൽ നിന്ന് രോഗികളിലേക്ക് എത്തിക്കുന്നതിൽ പല വികസിത രാജ്യങ്ങളും നേരിടുന്ന കാലതാമസം യുഎഇ മറികടക്കുന്നത് ഒരേസമയമുള്ള നയരൂപീകരണത്തിലൂടെയാണ്. ജീനോമിക്സ് ഗവേഷണം, ലബോറട്ടറി ശൃംഖലകളുടെ വിപുലീകരണം, നിർമ്മിത ബുദ്ധി അധിഷ്ഠിത പാത്തോളജി, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഇവിടെ സമാന്തരമായാണ് നടപ്പിലാക്കുന്നത്.



റിപ്പോർട്ട് പ്രകാരം, ലോകത്തെ ക്ലിനിക്കൽ ഡയഗ്‌നോസ്റ്റിക്സ് വിപണി 2026-ലെ 11,570 കോടി ഡോളറിൽ നിന്ന് പ്രതിവർഷം ശരാശരി 5.5 ശതമാനം വളർച്ചയോടെ 2031-ൽ 15,210 കോടി ഡോളറിലെത്തും. മിഡിൽ ഈസ്റ്റിലെ മൊത്തം വിപണി മൂല്യം നിലവിൽ 540 കോടി ഡോളറാണെങ്കിലും, മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്സിലും കേന്ദ്രീകൃതമല്ലാത്ത റാപ്പിഡ് പരിശോധനകളിലും യുഎഇ കൈവരിക്കുന്ന മുന്നേറ്റം മേഖലയെ ആഗോളതലത്തിൽ പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ്.
ജനകീയ ആരോഗ്യ സുരക്ഷയിൽ യുഎഇ നടപ്പാക്കിയ മുൻകരുതലുകൾ ഇതിന് കരുത്തുപകരുന്നു. വ്യക്തിഗത ചികിത്സകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എമിറാത്തി ജീനോം പ്രോഗ്രാം വിപുലമായ വിവരശേഖരണം തുടരുമ്പോൾ, ക്ലീവ്‌ലാൻഡ് ക്ലിനിക്ക് അബുദാബി കാൻസർ നിർണയം, നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ്, ജനിതക കൗൺസിലിങ് എന്നിവ ലഭ്യമാക്കുന്നുണ്ട്. 2025 ജനുവരി മുതൽ യുഎഇ പൗരന്മാർക്ക് വിവാഹത്തിന് മുൻപുള്ള ജനിതക പരിശോധന നിർബന്ധമാക്കിയിരുന്നു. 840-ലധികം ജനിതക രോഗങ്ങൾക്ക് കാരണമാകുന്ന 570 ജീനുകളെയാണ് ഈ സ്ക്രീനിങ്ങിലൂടെ നിരീക്ഷിക്കുന്നത്.
ഇത്തരം മാറ്റങ്ങൾ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്സ് മേഖലയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. ആഗോളതലത്തിൽ ഈ വിഭാഗം 2026-ലെ 2,690 കോടി ഡോളറിൽ നിന്ന് 2031-ൽ 3,600 കോടി ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനൊപ്പം ജിസിസിയിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ കാൻസർ ജീൻ പരിശോധനകൾക്കും പ്രസവപൂർവ സ്ക്രീനിങ്ങുകൾക്കും പരിരക്ഷ നൽകാൻ തുടങ്ങിയത് സാധാരണക്കാർക്ക് അത്യാധുനിക പരിശോധനകൾ ലഭ്യമാക്കാൻ സഹായിക്കുന്നു.
പരിശോധനാ സൗകര്യങ്ങളിലും യുഎഇ റെക്കോർഡ് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പ്യുവർ ഹെൽത്തിന് കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ ലാബ് ശൃംഖലയായ പ്യുവർലാബ് (PureLab), 2025-ൽ മാത്രം 3.4 കോടി പരിശോധനകളാണ് പൂർത്തിയാക്കിയത്. 2024-ലെ 2.9 കോടിയേക്കാൾ 17 ശതമാനം അധികമാണിത്. രോഗികളുടെ അരികിലേക്ക് പരിശോധനാ സൗകര്യങ്ങൾ എത്തിക്കുന്ന പോയിൻ്റ്-ഓഫ്-കെയർ ടെസ്റ്റിങ് രംഗവും പ്രതിവർഷം 6.4 ശതമാനം വളർച്ച കൈവരിക്കുന്നുണ്ട്.
ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളും സഹകരണങ്ങളും ചർച്ച ചെയ്യുന്നതിനായി വേൾഡ് ഹെൽത്ത് എക്സ്പോ 2027 ജനുവരി 25 മുതൽ 28 വരെ ദുബായിൽ നടക്കും. ദുബായ് എക്സിബിഷൻ സെന്റർ (എക്സ്പോ സിറ്റി), ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിലായി നടക്കുന്ന സംഗമത്തിൽ 195 രാജ്യങ്ങളിൽ നിന്നായി 90,000-ത്തിലധികം പ്രതിനിധികളും 4,200 പ്രദർശകരും പങ്കെടുക്കും.
എക്സ്പോയിലെ ലാബ്സ് സോൺ വിഭാഗത്തിന് എം42-ന്റെ നാഷണൽ റഫറൻസ് ലബോറട്ടറി, പ്യുവർലാബ്, ദുബായ് ഹെൽത്ത്, സെഹ ബ്ലഡ് ബാങ്ക് സർവീസസ്, എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധർ നേതൃത്വം നൽകും.










