കിഴക്കൻ മേഖലകളിൽ വെള്ളിയാഴ്ച വരെ കാർമേഘങ്ങൾ രൂപപ്പെട്ട് മഴ പെയ്യാൻ സാധ്യത; പൊടിക്കാറ്റും കടൽക്ഷോഭവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
അബുദാബി, സെപ്റ്റംബർ 1:യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വെള്ളിയാഴ്ച വരെ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ നൽകുന്ന കാർമേഘങ്ങൾ (കൺവെക്റ്റീവ് ക്ലൗഡ്സ്) രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രദേശങ്ങളിൽ പ്രാദേശികമായി മേഘരൂപീകരണം ശക്തമാകുന്നതോടെ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ ഉൾപ്പെടെ പകൽ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്നും പ്രവചനമുണ്ട്.
ദുബായിൽ ഉയർന്ന താപനില 43 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസുമായിരിക്കും. അബുദാബിയിൽ ഉയർന്ന ചൂട് 41 ഡിഗ്രിയും കുറഞ്ഞത് 28 ഡിഗ്രി സെൽഷ്യസുമായി രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളായ ലിവയിൽ 45 ഡിഗ്രിയും അൽ ഐനിൽ 44 ഡിഗ്രി സെൽഷ്യസും വരെ ഉയർന്ന ചൂട് രേഖപ്പെടുത്തിയേക്കാം.
രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം വർധിക്കുന്നതോടെ തീരദേശ-ഉൾനാടൻ മേഖലകളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിലും റോഡുകളിലും പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചാപരിധി കുറഞ്ഞേക്കാം.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷമുള്ള മഴസാധ്യത തുടരുമെന്ന് അധികൃതർ അറിയിച്ചു. അറേബ്യൻ ഗൾഫിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ കടൽ ഇടയ്ക്കിടെ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.










