ദുബൈ: യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ഒമാൻ ഉൾക്കടലിന്റെ തീരപ്രദേശങ്ങളിൽ തിരമാലകൾ ഏഴ് അടി വരെ ഉയരാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
രാജ്യത്ത് ഉയർന്ന താപനിലയും പൊടിക്കാറ്റും തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊതുവെ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും ഉച്ചയോടെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും കടുത്ത ചൂടിനും സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില ഭാഗങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാമെന്നും അധികൃതർ അറിയിച്ചു.
പൊടിക്കാറ്റ് കാരണം ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് തുറസായ പ്രദേശങ്ങളിലൂടെയുള്ള യാത്രകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.















