യുഎഇ: യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശും. തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിനെ തുടർന്നു ദൂരക്കാഴ്ച കുറയും. വരുംദിവസങ്ങളിൽ പൊതുവേ പകൽ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. കിഴക്കൻ, വടക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്ത ണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാദികൾ, പർവത മേഖലകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണം. വാഹനങ്ങളിൽ വാദിക്കു കുറുകെ കടക്കാൻ ശ്രമിക്കരു തെന്നും. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി.
ഫുജൈറയിൽ കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട് 65 വയസ്സുള്ള സ്വദേശി മരിച്ചതിനെ തുടർന്ന് പൊലീസ്-സിവിൽ ഡിഫൻസ് നിരീക്ഷണം ശക്തമാക്കി. കൂടുതൽ പട്രോളിങ് സംഘങ്ങളെ പൊലീസ് നിയോഗിച്ചു. വടക്കൻ മേഖലകളിൽ മഴ കൂടിയ തോടെ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തു പലയിടങ്ങളിലും കരിങ്കൽ ഭിത്തികൾ നിർമിച്ചു .മഴക്കാലത്ത് ചെങ്കുത്തായ മലനിരകളിൽ നിന്നു റോഡുകളി ലേക്കു പാറക്കഷണങ്ങൾ അടർന്നു വീഴുന്നതു പതിവാണ്. ഇതു പലപ്പോഴും ഗതാഗത തടസ്സത്തിനു കാരണമാകുന്നു. സുരക്ഷയുടെ ഭാഗമായി പലയിടങ്ങളിലും താങ്ങുഭിത്തികൾ നിർമിച്ചുവരികയാണ്.
യുഎഇയുടെ വിവിധ മേഖലകളിൽ ഇടിയോടെ ശക്തമായ മഴ ഉണ്ട്. ഷാർജ, അജ്മാൻ എമിറേറ്റുകളുടെ ഉൾപ്രദേശങ്ങൾ, കൽബ, ഫുജൈറ, മസാഫി എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റിനു പിന്നാലെയായിരുന്നു പെരുമഴ. ഫുജൈറ മുർബാദിൽ ആലിപ്പഴങ്ങൾ പെയ്തു. ഫുജൈറ ദിബ്ബ, മസാഫി, മുർബാദ് മേഖലകളിലെ മഴയിൽ താഴ്ന്ന മേഖലകളിൽ വെള്ളം നിറഞ്ഞു. വാദിയിൽ നീരൊഴുക്ക് കൂടി. മലനിരകളിൽ നിന്നുള്ള നീർച്ചാലുകളും ശക്തമായി. ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ദൈദ്, മദാം മേഖലകളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണെന്നും മഴയ്ക്കു സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.