ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. ദുബായ് എക്സ്പോയിൽ ഇന്ത്യ പവിലിയൻ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയിലേക്കും തിരികെയുമുള്ള വിമാന നിരക്ക് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആ സാഹചര്യം മാറി സാധാരണ നിലയിലുള്ള സർവീസ് ആരംഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തി. ക്വാറന്റീൻ ഇല്ലാതെ യാത്ര സാധ്യമാക്കുന്ന രീതിയിൽ കാറ്റഗറി എ വിഭാഗത്തിലുള്ള 97 രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടതായും മന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം സാധാരണ നിലയിലേക്കു മാറുകയാണ്. കോവിഡിൽ നിന്നും സാമ്പത്തിക മാന്ദ്യത്തിൽ നിന്നുമുള്ള ഉയർത്തെഴു ന്നേൽപ്പിലാണ് രാജ്യം. വാണിജ്യ രംഗത്തും ഏറ്റവുമധികം വളർച്ച നേടിയതായും മന്ത്രി വ്യക്തമാക്കി.