അബുദാബി: അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ സൗകര്യത്തോടെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. പ്രവൃത്തിദിനങ്ങളിൽ ടെസ്റ്റുകൾക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് തീരുമാനം വലിയ ആശ്വാസം പകരും.വാരാന്ത്യ അവധിദിനങ്ങളിലും തുറന്നു പ്രവർത്തിക്കുന്നതിലൂടെ ലൈസൻസിങ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് വ്യക്തമാകുന്നതെന്ന് അബുദാബി പോലീസ് വാഹന ലൈസൻസിങ് വിഭാഗം സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുറൈഖ് അൽ അമീരി പറഞ്ഞു. ഇതുപ്രകാരം മുസഫയിലെ ഡ്രൈവേഴ്സ് എക്‌സാമിനേഷൻ ആൻഡ് ലൈസൻസിങ് സെന്റർ ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും. രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും പ്രവർത്തനം. അൽ ഐനിൽ അഡ്‌നോക് സേഫ്റ്റി ബിൽഡിങ്ങിലുള്ള സേവനകേന്ദ്രം വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി എട്ടുമണി വരെ പ്രവർത്തിക്കും. ഇവിടെയുള്ള കസ്റ്റമർ ഹാപ്പിനെസ് സെന്റർ ശനിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവർത്തിക്കും. അൽ ദഫ്‌റ മദിനത് സായിദിലുള്ള ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിങ് ഡിപ്പോർട്ട്മെന്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവർത്തിക്കുക.
വെഹിക്കിൾ ലൈസൻസിങ് സർവീസസ്, ഡ്രൈവേഴ്സ് ലൈസൻസിങ് സവീസസ്, ഡ്രൈവർ എക്‌സാമിനേഷൻ സർവീസസ് എന്നിവ ശനിയാഴ്ച രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ സേവനങ്ങൾ ലഭ്യമാക്കും.