ഇന്ത്യയും യുഎഇയും സഹകരണത്തിന്റെ 50 വർഷം പിന്നിടുന്നതിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും ഇന്ത്യ പോസ്റ്റും ചേർന്നു തപാൽസ്റ്റാംപ് പുറത്തിറക്കി. ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ സഹകരണത്തിന്റെ ഏടുകളാണു സ്റ്റാംപിലുള്ളത്. എമിറേറ്റ്സ് പോസ്റ്റ് സിഇഒ: അബ്ദുല്ല എംഅലഷ്രാം സ്റ്റാംപ് പ്രകാശനം ചെയ്തു. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഏറ്റുവാങ്ങി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവും ദുബായ് രൂപീകരണത്തിന്റെ 50ാം വാർഷികവും മുൻനിർത്തിയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായാണ് സ്റ്റാംപ് പുറത്തിറക്കിയത്.സുഗന്ധദ്രവ്യകച്ചവടത്തിന്റെ ഭൂതകാലം മുതൽ ജീവിതോപാധി തേടി യുഎഇയിൽ എത്തി ഈ രാജ്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരുടെ വർത്തമാന കാലം വരെസുശക്തമായ ബന്ധമാണു ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നു ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.യുഎഇ രൂപീകരണത്തിന്റെ സുവർണ ജൂബിലി എന്നത് ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തിന്റെ സുവർണ ജൂബിലി കൂടിയാണെന്നും പറഞ്ഞു.
ഈ ബന്ധത്തിന്റെ നട്ടെല്ലായ ജനങ്ങൾക്കുള്ള ആദരവ് കൂടിയാണ്ഈ സ്റ്റാംപെന്ന് സ്ഥാനപതി പറഞ്ഞു.ഇന്ത്യയുമായുള്ള വാണിജ്യ, വ്യാപാര സഹകരണം മെച്ചപ്പെടുത്താൻ മികച്ച പാഴ്സൽ, ലോജിസ്റ്റിക് സേവനങ്ങൾ ഉറപ്പുവരുത്തി വിദഗ്ധരായ ഉദ്യോഗസ്ഥരുടെ സേവനവുമായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് എന്നും ഒപ്പമുണ്ടാകുമെന്ന് സിഇഒ അബ്ദുല്ല പറഞ്ഞു