ഷാർജ എമിറേറ്റിൽ വേനൽക്കാല കാമ്പയിൻ പുനരാരംഭിക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.) അറിയിച്ചു. വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകാൻപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനങ്ങളെ ആകർഷിക്കുന്നതിന് മികച്ച ഓഫറുകൾ പ്രഖ്യാപിക്കും. കൂടാതെ പ്രായഭേദമെന്യേ ആഡംബര ഹോട്ടലുകളിലും പാർക്കുകളിലും മറ്റു സുപ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന ടിക്കറ്റുകളിൽ വമ്പിച്ച കിഴിവും ലഭ്യമാക്കും. ഷാർജ വേനൽക്കാല കാമ്പയിൻ 2022-ലൂടെ വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകുന്നതോടൊപ്പം കൂടുതൽ സംരംഭങ്ങളും എമിറേറ്റിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്നു.നഗരസൗന്ദര്യം ആസ്വദിക്കാൻ കുടുംബങ്ങൾക്കായി പ്രത്യേക പാക്കേജുകളും ലഭ്യമാക്കും.
സാഹസിക പ്രേമികൾ, പ്രകൃതി സ്നേഹികൾ, വേനലവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾ, കുടുംബങ്ങൾ, ഷോപ്പിങ് ഇഷ്ടപ്പെടുന്നവർ തുടങ്ങിയവർക്കും മികവാർന്ന അനുഭവം നൽകാൻ ഷാർജ തയ്യാറാണ്. ഒട്ടേറെ പുതുമകളോടെ കൂടുതൽ വിനോദസഞ്ചാരികളെ എമിറേറ്റിലേക്ക് സ്വാഗതം ചെയ്യാനാണ് എസ്.സി.ടി.ഡി. ലക്ഷ്യമിടുന്നത് ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു. ഷാർജ വേനൽക്കാല കാമ്പയിൻ 2022 വൻ വിജയമാക്കി തീർക്കാൻ വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.