റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തുന്നതുൾപ്പെടെ ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ സംഭവത്തിൽ ഉമ്മുൽ ഖുവൈൻ പൊലീസ് നിരവധി വാഹനങ്ങൾ പിടികൂടി.കാറോട്ട മത്സരം, അനുവാദമില്ലാതെ സംഘം ചേരൽ, എമിറേറ്റ്സ് റോഡിൽ വാഹന അഭ്യാസം തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. പൊതുസുരക്ഷയെ അപകടപ്പെടുത്തുന്ന അപകടകരമായ പെരുമാറ്റങ്ങളെ ചെറുക്കുക എന്നതാണ് നിയമനടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റ് ഫോളോ അപ് ബ്രാഞ്ച് മാനേജർ ക്യാപ്റ്റൻ ജാസിം സുൽത്താൻ മസ്ഫർ പറഞ്ഞു. ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയാകുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ.നിയമലംഘകർക്കെതിരെ ശക്തമായ നടപടി നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷക്കും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെ നിയമലംഘകർ ശക്തമായ പിഴ നടപടികൾ നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.