റാസൽഖൈമ: റാസൽഖൈമ എമിറേറ്റിനകത്തും മറ്റു എമിറേറ്റുകളിലേക്കും ഇന്റർ സിറ്റി റൂട്ടുകളിലുമു ൾപ്പെടെ റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി(റാക്റ്റ)യുടെ എല്ലാ പൊതു ബസുകളിലും സൗജന്യ അതിവേഗ വയർലെസ് ഇന്റർനെറ്റ് (വൈ ഫൈ) സേവനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പൊതുഗതാഗത മേഖലയിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കാനുമുള്ള റാക്റ്റയുടെ തുടർ ശ്രമങ്ങളുടെ ഭാഗമാണിത്.റാസൽഖൈമയിലെ മുഴുവൻ ബസ് റൂട്ടുകളിലും ലഭ്യമായ ഈ സേവനം യാത്രക്കാർക്ക് കൂടുതൽ സംവേദനാത്മകവും സുഗമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നു.ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും ഇമെയിലുകൾ പരിശോധിക്കാനും ദൈനംദിന ജോലികൾ പൂർത്തിയാക്കാനും ഇത് യാത്രക്കാരെ സഹായിക്കുന്നു. യാത്രാ സമയം കൂടുതൽ ഉൽപാദനക്ഷമവും കാര്യക്ഷമവുമാക്കാൻ വഴിയൊരുക്കുന്നു.എഞ്ചിനീയറിങ്-പൊതുഗതാഗത സംവിധാനം മെച്ചപ്പെടുതതാനും സമൂഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ പ്രധാന ഭാഗമായാണ് സ്മാർട്ട്, നൂതന സേവനങ്ങൾ നൽകുന്നതെന്ന് ഡയരക്ടർ ജനറൽ ഇസ്മായിൽ ഹസ്സൻ അൽ ബലൂഷി പറഞ്ഞു.സൗജന്യ ഓൺബോർഡ് ഇന്റർനെറ്റ് ബസുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ മൊബിലിറ്റി കാര്യക്ഷമത വർധിപ്പിക്കാനും, എമിറേറ്റിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുന്ന സംയോജിത ഡിജിറ്റൽ സേവനങ്ങൾ പ്രദാനം ചെയ്യാനും തങ്ങൾ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാ യാത്രക്കാർക്കും ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകി, അതിന്റെ പ്രകടനം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് സേവനം തുടർച്ചയായ വിലയിരുത്തലിന് വിധേയമാക്കും.ഇത് ഉപയോക്തൃ പ്രതീക്ഷകളുമായും ഡിജിറ്റൽ സേവനങ്ങളിലെ മികവിനായുള്ള റാക്റ്റയുടെ കാഴ്ചപ്പാടുമായും യോജിക്കുന്നുവെന്നും ഇസ്മായിൽ ഹസ്സൻ അൽ ബലൂഷി വിശദീകരിച്ചു.