ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ( ജി ഡി ആർ എഫ് എ) ദുബായ് കാര്യാലയത്തിൽ ദുബായുടെ രണ്ടാമത്തെ ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി.ദുബായ് സർക്കാരിന്റെ കാര്യക്ഷമത ഉയർത്തുന്നതിന് കൈക്കൊള്ളുന്ന ഭരണനേതൃത്വ ശ്രമങ്ങളുടെ ഭാഗമായി നടന്ന സന്ദർശനത്തിൽ സ്ഥാപനം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ അദ്ദേഹം പ്രശംസിച്ചു.അൽ ജാഫ്ലിയയിലെ ഓഫീസിൽ എത്തിയ ഷെയ്ഖ് അഹമ്മദിനെ ജി.ഡി.ആർ.എഫ്.എയുടെ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും ഉപമേധാവി മേജർ ജനറൽ ഉബൈദ് മു ഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബാസ്തിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും, സേവനങ്ങൾ കൂടുതൽ ലളിതമാക്കാനും പുതിയ സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് ഓഫീസർമാർ അദ്ദേഹത്തിന് വിശദീകരണം നൽകി. 360 സർവീസ് പോളിസി, സർവീസ് ലീഡർഷിപ്പ് സംരംഭങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെ ഉപയോഗം, റിസ്ക് മാനേജ്മെന്റ് സിസ്റ്റങ്ങൾ, ഓഡിറ്റ് രീതികൾ തുടങ്ങിയ നിരവധി തന്ത്രപരമായ പദ്ധതികൾ സന്ദർശനത്തിനിടെ പരിചയപ്പെടുത്തി.സ്ഥാപന പ്രതിച്ഛായ മെച്ചപ്പെടുത്തൽ, ജീവനക്കാരുടെ ക്ഷേമം, ജോലിസ്ഥലത്തിൽ കായികപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഭാവിയിലേക്കുള്ള കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളും ഷെയ്ഖ് അഹമ്മദിനോട് വിശദീകരിച്ചു.
സ്മാർട്ട്, സംയോജിത, മനുഷ്യ കേന്ദ്രീകൃത സേവനങ്ങൾ പ്രാപ്യമാക്കാനുള്ള ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഷെയ്ഖ് അഹമ്മദിന്റെ സന്ദർശനം വലിയ പ്രചോദനമാണെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു. “നൂതന സേവനങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്താൻ ഈ സന്ദർശനം സഹായിക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി.യുഎഇയുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുമായി മികച്ച സേവനങ്ങൾ നൽകുന്നതിൽ ജനറൽ ഡയറക്ടറേറ്റിൻറെ പങ്ക് അദ്ദേഹം അനൂനമായി വിലയിരുത്തി.