അബൂദബി: രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു മണി എക്സ്ചേഞ്ച് ഹൗസിന് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) 800,000 ദിർഹമിന്റെ പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെത്തുടർന്നാണ് രാജ്യത്തെ ബാങ്കിങ് പരമാധികാര ബോഡിയായ ധനകാര്യ സ്ഥാപനത്തിനെതിരെ സി.ബി.യു.എ.ഇ 2018ൽ യു.എ.ഇ പാസാക്കിയ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം അടിസ്ഥാനമാക്കി നടപടിയെടുത്തത്.കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ നയങ്ങൾക്കനുസൃതമായി (എ.എം.എൽ/സി.എഫ്.ടി) അത്തരം ദുഷ്പ്രവണതകളും തെറ്റായ നീക്കങ്ങളും തടയുന്നതിൽ എക്സ്ചേഞ്ച് ഹൗസ് പരാജയപ്പെട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഈ നിയന്ത്രണ പോരായ്മകൾ സാമ്പത്തിക പിഴ നൽകുന്നതിന് തക്ക ഗൗരവമുള്ളതായി കണക്കാക്കപ്പെട്ടു.സെൻട്രൽ ബാങ്കിന്റെയും, ധനകാര്യ-പ്രവർത്തന-സ്ഥാപന സംബന്ധിയായ ഭേദഗതികളുടെയുമൊപ്പം 2018ലെ ഡിക്രീറ്റൽ ഫെഡറൽ നിയമ നമ്പർ (14) ലെ ആർട്ടിക്കിൾ (137) പ്രകാരമാണ് പിഴ ചുമത്തിയത്.യു.എ.ഇയിലെ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധത സി.ബി.യു.എ.ഇ ആവർത്തിച്ചുറപ്പിച്ചു. മേൽനോട്ട, നിയന്ത്രണ അധികാരങ്ങൾ വഴി എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യു.എ.ഇ നിയമങ്ങളും റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും പൂർണമായി പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നു.
ജൂലൈ ആദ്യ ആഴ്ചയിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായ നിയന്ത്രണങ്ങൾ (എഎംഎൽ/സിഎഫ്ടി) പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് മൂന്ന് മണി എക്സ്ചേഞ്ച് ഹൗസുകൾക്ക് വീണ്ടും 4.1 മില്യൺ ദിർഹം പിഴ ചുമത്തിയിരുന്നു.ജൂൺ 24ന് ഇതേ നയം ലംഘിച്ചതിന് ഒരു എക്സ്ചേഞ്ച് ഹൗസിന് സി.ബി.യു.എ.ഇ 2 മില്യൺ ദിർഹം സാമ്പത്തിക പിഴ ചുമത്തി.
എക്സ്ചേഞ്ച് ഹൗസ് മേഖലയിൽ സുതാര്യത, സമഗ്രത, ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും യു.എ.ഇ സാമ്പത്തിക ആവാസ വ്യവസ്ഥയെ നിയമ വിരുദ്ധമായ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള അധികൃതരുടെ നിരന്തര ശ്രമങ്ങളെ സി.ബി.യു.എ.ഇയുടെ ഈ നടപടി അടിവരയിടുന്നു.