ദുബായ് : കുട്ടികളിൽ വായനയും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ‘സമ്മർ ആൻഡ് ക്രിയേറ്റിവിറ്റി’ എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ദുബായ് സമ്മർ, യുഎഇ കമ്മ്യൂണിറ്റി വർഷാചരണ പരിപാടികളുടെ ഭാഗമായാണ് നാല് ദിവസം നീണ്ടുനിന്ന ഈ പരിപാടി സംഘടിപ്പിച്ചത്.

ജി ഡി ആർ എഫ് എ ദുബായിലെ എൻട്രി & റെസിഡൻസ് പെർമിറ്റ്സ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഖലഫ് അഹ്മദ് അൽ ഗൈത് പരിപാടി ഉദ്ഘാടനം ചെയ്തു. സംവേദനാത്മക പ്രവർത്തനങ്ങളും പ്രത്യേക പുസ്തകമേളയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.പ്രമുഖ അറബ് എഴുത്തുകാരും ചിന്തകരും വിവിധ ദിവസങ്ങളിൽ അതിഥികളായി എത്തി സദസ്സിനെ അഭിസംബോധന ചെയ്തു.വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഗാഫ് പബ്ലിക്കേഷൻസ്, കലിമത്ത്, അൽ ഹുധുദ്, സിദ്ര തുടങ്ങിയ പ്രമുഖ എമിറാത്തി, ഗൾഫ് പ്രസാധകർ പുസ്തകമേളയിൽ പങ്കെടുത്തു. അറിവിനെ ഒരു ജീവിതരീതിയാക്കി മാറ്റുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.