ദുബായ് : കൊടും ചൂടിലും ദുബൈ മെട്രോ യാത്രക്കാർക്ക് കൂൾ റൈഡുകൾ പ്രദാനം ചെയ്യുന്നത് തുടരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയായതിനെത്തുടർന്നാണീ ഉറപ്പെന്നും അധികൃതർ പറഞ്ഞു.പുറത്തെ സാഹചര്യങ്ങൾ പരിഗണിക്കാതെ എല്ലാ യാത്രക്കാർക്കും സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് മെട്രോ ശൃംഖലയിലുടനീളം 24° മുതൽ 25° സെൽഷ്യസ് വരെ സ്ഥിരം ഉൾത്താപനില നിലനിർത്തി വെന്റിലേഷൻ, കൂളിംഗ് സംവിധാനങ്ങൾ ഏറ്റവും സൗകര്യ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആർ.ടി.എ വ്യക്തമാക്കി.
യാത്രക്കാരുടെ സുഖ യാത്രക്കായി മെട്രോ ശൃംഖലയിലുടനീളം അറ്റകുറ്റപ്പണി നടത്തി. കൂളിംഗ് പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തിയെന്നും, അതേസമയം തടസ്സമില്ലാത്ത മെട്രോ സേവനം ഉറപ്പാഖിയായിരുന്നു ഇതെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
ഓരോ സ്റ്റേഷനിലും മെട്രോ ട്രെയിനുകൾ ഏതാനും മിനുട്ടുകൾക്കുള്ളിൽ എത്തുന്നതിനാൽ, ഓരോ 2–4 മിനുട്ടിലും വാതിലുകൾ തുറന്നടയുന്നുണ്ട്. സ്റ്റേഷനുകളിലേക്ക് തുടർച്ചയായി പ്രവേശിക്കുന്നതിനാൽ വലിയ അളവിൽ ചൂട് വായു എത്താനിടയാക്കുന്നു. എയർ ഹാൻഡ്‌ലിംഗ് യൂണിറ്റുകൾ (എ.എച്ച്.യു), ഫാൻ കോയിൽ യൂണിറ്റുകൾ (എഫ്.സി.യു), ശീതീകരിച്ച വാട്ടർ പമ്പുകൾ, എക്‌സ്‌ട്രാക്റ്റ് ഫാനുകൾ, സ്മോക് എക്‌സ്‌ട്രാക്റ്റ് ഫാനുകൾ, പ്രഷറൈസേഷൻ യൂണിറ്റുകൾ തുടങ്ങിയ പ്രധാന ഘടകങ്ങൾ മാറ്റി സ്ഥാപിക്കുകയും പുതുക്കുകയും ചെയ്താണ് അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ, റെഡ് ലൈനിലെ 14 സ്റ്റേഷനുകളിലും രണ്ട് കാർ പാർക്കുകളിലുമായി ആകെ 876 വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ നവീകരിച്ചു. എന്നാൽ, ട്രെയിൻ പ്രവർത്തനങ്ങളെ ഇത് ബാധിച്ചില്ല. 13 സ്റ്റേഷനുകളിലായി 261 ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നായിരുന്നു ഇത്.

മൂന്നാം ഘട്ടത്തിനായുള്ള തയാറെടുപ്പുകൾ ഇതിനകം ആരംഭിച്ചതായും, എനർജി ഒപ്റ്റിമൈസേഷനും വേരിയബിൾ ഫ്ലോ സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റത്തിനും അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിടുന്ന വെന്റിലേഷൻ, എസി മെച്ചപ്പെടുത്തൽ പദ്ധതിയും നടപ്പാക്കുന്നുവെന്നും ആർ.ടി.എ കൂട്ടിച്ചേർത്തു.