മസകത്ത് ,ദുബായ് :പ്രവാസികള്‍ക്ക് തിരിച്ചടിയായി മസ്‌കത്ത്- കണ്ണൂര്‍ ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു. ഈ മാസം 23 വരെയാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. അതിന് ശേഷം നേരിട്ട് സര്‍വീസുകള്‍ ലഭ്യമല്ല എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, സര്‍വീസ് നിര്‍ത്തലാക്കുന്ന വിവരങ്ങള്‍ ഒന്നും ഔദ്യോഗികകമായി അറിയിച്ചിട്ടില്ലെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറഞ്ഞു.നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കി തുടങ്ങിയിട്ടുണ്ട്. സീസണ്‍ അവസാനിച്ചതോടെ ഒമാന്‍ സെക്ടറിലേക്ക് യാത്രക്കാര്‍ ഇല്ലാതെ വരും എന്ന കണക്ക് കൂട്ടലില്‍ ആണ് സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും ട്രാവല്‍ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.ഒമാനില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ മേയ് പകുതിയോടെയാണ് മസ്‌കത്തിനും കണ്ണൂരിനും ഇടയില്‍ ഇന്‍ഡിഗോ സര്‍വീസ് തുടങ്ങുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റും ലഭ്യമായിരുന്നു. ഇന്‍ഡിഗോ പിന്‍വാങ്ങുന്നതോടെ മസ്‌കത്ത്-കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ സര്‍വീസ് മാത്രമായി ചുരുങ്ങും. പ്രതിദിനം സര്‍വീസ് ലഭ്യമാണ്. ടിക്കറ്റ് നിരക്ക് ഉയരാനും സാധ്യതയുണ്ട്