ദുബായ്∙:ദുബായിൽ ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും പൂർണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ആക്കി . റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അവതരിപ്പിച്ച ‘തദ്രീബ്’ എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ മാറ്റം പ്രബല്യത്തിൽ ആകുന്നത് . പ്രതിവർഷം 2.5 ലക്ഷത്തിലധികം പേർക്ക് പ്രയോജനപ്പെടുന്ന ഈ സംരംഭം ദുബായിലെ എല്ലാ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഏകീകൃത സംവിധാനം ഒരുക്കും. പുതിയ സംവിധാനം അനുസരിച്ച്, പരിശീലനവും യോഗ്യതാ നിർണയവും പൂർണമായും ഡിജിറ്റൽ രൂപത്തിലായിരിക്കും. ഡ്രൈവർമാരുടെ വിവരങ്ങൾ ഒരു കേന്ദ്രീകൃത ഡാറ്റാബേസിൽ ലഭ്യമാകും. അത്യാധുനിക നിർമിത ബുദ്ധി (എഐ) സഹായത്തോടെയാണ് പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.

27ൽ ഏറെ പരിശീലന കേന്ദ്രങ്ങളിലും 3,400ൽ ഏറെ ഇൻസ്ട്രക്ടർമാരുടെയും, 3,000ൽ ഏറെ പരിശീലന വാഹനങ്ങളുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഓരോ വാഹനത്തിന്റെയും സഞ്ചാരപാത ജിയോ ട്രാക്കിങ് സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും പ്രധാന കംപ്യൂട്ടർ സിസ്റ്റവുമായി ബന്ധിപ്പിക്കുകയും ചെയ്യും. പ്രതിവർഷം 60 ലക്ഷം മണിക്കൂറിലധികം പരിശീലനം നൽകുന്ന ഈ പ്ലാറ്റ്‌ഫോം പൂർണമായും പേപ്പർ രഹിതമായിരിക്കും.ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് മികച്ച നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയാണ് ‘തദ്രീബ്’ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യമെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.

മികച്ച ഡ്രൈവർമാരെ വാർത്തെടുക്കാനും ഇത് സഹായിക്കും. കൂടാതെ, പുതിയ ഡ്രൈവർമാർ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും പ്ലാറ്റ്‌ഫോം സഹായകമാകും. ലൈസൻസിനായുള്ള പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം പകുതിയായി കുറയ്ക്കാനും പ്രവർത്തനച്ചെലവുകൾ കുറയ്ക്കാനും ‘തദ്രീബ്’ സഹായിച്ചിട്ടുണ്ട്. പരിശീലകർ നിഷ്കർഷിച്ചിട്ടുള്ള ഘട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് 97% വരെ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. ഡ്രൈവർ ടെസ്റ്റിങ് രംഗത്തെ രാജ്യാന്തര സംഘടനയായ സിഐഇസിഎ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഏകീകൃത പ്ലാറ്റ്‌ഫോം കൂടിയാണ് ‘തദ്രീബ്.’ ഇതിന് ഈ വർഷത്തെ പ്രിൻസ് മൈക്കിൾ ഇന്റർനാഷനൽ റോഡ് സേഫ്റ്റി അവാർഡും ലഭിച്ചിട്ടുണ്ട്. ഭാവിയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ ഉപയോഗപ്പെടുത്തി ഉപയോക്താക്കളുടെ യാത്ര മെച്ചപ്പെടുത്താനും പരിശീലനം വ്യക്തിഗതമാക്കാനും പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു