കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച കേസിൽ റാപ്പർ വേടന് തിരിച്ചടി. അദ്ദേഹത്തിന്റെ മാലയിൽ കൊരുത്തിരുന്നത് യഥാർഥ പുലിപ്പല്ലാണെന്ന് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ്.
കേസിൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരിശോധന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കുറ്റപത്ര നടപടികൾ വേഗത്തിലാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
നേരത്തെ വേട്ടയാടലുമായി ബന്ധപ്പെട്ട വകുപ്പുകളും വന്യജീവി അവശിഷ്ടം അനധികൃതമായി കൈവശം വെച്ചതുമായ കുറ്റങ്ങളാണ് വനംവകുപ്പ് ചുമത്തിയിരുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് വേടന്റെ ഫ്ലാറ്റിൽ നിന്ന് പുലിപ്പല്ല് കണ്ടെത്തിയത്.
വേടന്റെ മാലയിലെത് യഥാർഥ പുലിപ്പല്ലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ തന്നെ സംശയിച്ചിരുന്നു. തമിഴ്നാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതാണെന്നായിരുന്നു വേടന്റെ മൊഴി.
ആദ്യം തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്ന പുലിപ്പല്ലാണെന്നായിരുന്നു വിശദീകരണം. പിന്നാലെ മൊഴിയിൽ മാറ്റം വന്നതിനെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. പുലിപ്പല്ല് കൈവശം വെക്കുന്നതും വിദേശത്തു നിന്ന് എത്തിക്കുന്നതും ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമായതിനാൽ വനംവകുപ്പ് ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.







































