ലണ്ടൻ: എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു കിരീടം കൂടി. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചെൽസിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് പെപ് ഗ്വാർഡിയോളയുടെ സംഘം കിരീടം ഉയർത്തിയത്.
മത്സരത്തിന്റെ 71ാം മിനിറ്റിൽ അന്റോയിൻ സെമെന്യോ നേടിയ ഗോളാണ് സിറ്റിക്ക് വിജയമൊരുക്കിയത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പിൽ എട്ടാം കിരീടവും സ്വന്തമാക്കി.
ഇക്കുറി കരബാവോ കപ്പ് കിരീടവും സിറ്റിയായിരുന്നു നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരിലും സിറ്റിക്ക് ഇപ്പോഴും സാധ്യത നിലനിൽക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ വർഷം FIFA Club World Cup ജേതാക്കളായ ചെൽസിക്ക് ഈ സീസണിൽ തിരിച്ചടികളാണ് നേരിടേണ്ടിവരുന്നത്. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടാനാകാത്തതിനാൽ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ടീമിന് നഷ്ടമായി.







































