പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പോലീസ്
ദുബായ്, സെപ്റ്റംബർ 25, 2026 : നിരോധിത മേഖലകളിൽ രാസമാലിന്യങ്ങളും മലിനജലവും തള്ളിയ സംഭവങ്ങളിൽ 18 പേർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും നിയമലംഘനത്തിന് ഉപയോഗിച്ച 17 ടാങ്കറുകൾ പിടിച്ചെടുക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
2026-ന്റെ ആദ്യ പകുതിയിൽ ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇക്കണോമിക് ക്രൈംസ് വിഭാഗത്തിലെ പരിസ്ഥിതി കുറ്റകൃത്യ നിരീക്ഷണ സംഘമാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി എന്നിവരുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്.
അംഗീകൃത പ്ലാന്റുകളിലേക്ക് മാറ്റേണ്ട പെട്രോകെമിക്കൽ അവശിഷ്ടങ്ങളും മലിനജലവും ജനവാസമേഖലകൾക്ക് സമീപമോ തുറസ്സായ മരുഭൂമി പ്രദേശങ്ങളിലോ നിയമവിരുദ്ധമായി ഒഴുക്കിവിടുകയായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങൾക്ക് പുറമെ ഭൂഗർഭജല സ്രോതസ്സുകൾ മലിനമാക്കാനും പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകാനും ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുറ്റകൃത്യത്തിൽ പങ്കാളികളായ 18 പേർക്കെതിരെയും പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. മാലിന്യനീക്കത്തിന് ഉപയോഗിച്ച 17 ടാങ്കറുകളും പോലീസ് പിടിച്ചെടുത്തു. എമിറേറ്റിലെ ശുചിത്വ നിയമങ്ങൾ ലംഘിച്ച് മാലിന്യം തള്ളുന്ന വാഹനങ്ങൾക്ക് ഒരു ലക്ഷം ദിർഹം വരെ പിഴയും വാഹനം കണ്ടുകെട്ടലും ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികളാണ് ദുബായ് ഭരണകൂടം വ്യവസ്ഥ ചെയ്യുന്നത്.
വിവിധ വകുപ്പുകൾ തമ്മിലുള്ള നിരന്തര ഏകോപനവും ഫീൽഡ് ഇൻസ്പെക്ഷനുകളുമാണ് നിയമലംഘകരെ വേഗത്തിൽ പിടികൂടാൻ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. അപകടകരമായ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്ന ട്രാൻസ്‌പോർട്ട് കമ്പനികളും ഡ്രൈവർമാരും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.










