ദുബായ്: ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻ്റർനാഷണൽ സംഘടിപ്പിച്ച റീജിയണൽ കോൺഫറൻസിൽ യു.എ.ഇയെ പ്രതിനിധീകരിച്ച ഈജിപ്ഷ്യൻ വംശജനായ ആർകിടെക്റ്റ് വാലാ ടോൾബ ശ്രദ്ധേയ വിജയം സ്വന്തമാക്കി. കഴിഞ്ഞ ഇരുപത് വർഷമായി യു.എ.ഇയിൽ താമസിക്കുന്ന വാലാ ടോൾബ, ദുബായിൽ നടന്ന District 127 Annual Conference (DTAC 2026) ൽ ഇന്റർനാഷണൽ സ്പീച്ച് വിഭാഗത്തിൽ ചാമ്പ്യൻ പദവി കരസ്ഥമാക്കി.
ഈ വിജയത്തോടെ ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് സ്പീക്കിംഗ് വേദികളിലൊന്നായ World Championship of Public Speaking മത്സരത്തിൽ യു.എ.ഇയെ പ്രതിനിധീകരിക്കാൻ വാലാ ടോൾബയ്ക്ക് അവസരം ലഭിച്ചു. ഓഗസ്റ്റ് 19 മുതൽ 22 വരെ കാനഡയിലെ വാങ്കൂവറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലാണ് അവർ പങ്കെടുക്കുന്നത്.
“One Family, Many Voices, One Vision” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ യു.എ.ഇയും ലെബനണും ഉൾപ്പെടുന്ന District 127-ലെ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു. വിവിധ സ്പീച്ച് മത്സരങ്ങൾ, പരിശീലന സെഷനുകൾ, പ്രചോദനാത്മക പ്രഭാഷണങ്ങൾ എന്നിവ സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളായി.
വാലാ ടോൾബയുടെ നേട്ടം യു.എ.ഇയിലെ പ്രവാസി സമൂഹത്തിനും പൊതുപ്രസംഗ രംഗത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. ആത്മവിശ്വാസവും ആശയവിനിമയ മികവും ഒരുമിച്ച് പ്രകടിപ്പിച്ച പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.













































