ഇഞ്ചിയോണിൽ നടന്ന ഫസ്റ്റ് ഗ്ലോബൽ ചലഞ്ചിൽ 187 രാജ്യങ്ങളെ പിന്തള്ളി യുഎഇ ടീം രണ്ടാം സ്ഥാനം നേടി; മലയാളി വിദ്യാർത്ഥികളുടെ കരുത്തിൽ തുടർച്ചയായ മൂന്നാം വർഷവും മെഡൽ നേട്ടം.
ദുബായ്, ഒക്ടോബർ 26, 2026 —വിദ്യാർത്ഥികളുടെ ‘റോബോട്ടിക്സ് ഒളിമ്പിക്സ്’ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര ഫസ്റ്റ് ഗ്ലോബൽ ചലഞ്ചിൽ (FGC 2026) യുഎഇ ദേശീയ ടീമിന് ചരിത്രനേട്ടം. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ സമാപിച്ച വാശിയേറിയ മത്സരത്തിൽ ലോകത്തെ 187 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളോട് മത്സരിച്ച് യുഎഇ വിദ്യാർത്ഥി സംഘം വിന്നിങ് അലയൻസ് ഫൈനലിൽ വെള്ളി മെഡൽ കരസ്ഥമാക്കി.

ശാസ്ത്ര-സാങ്കേതിക-എഞ്ചിനീയറിങ് മേഖലകളിൽ യുഎഇ നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വീണ്ടും അംഗീകാരം നൽകുന്നതാണ് ഈ വിജയം. സ്റ്റെം (STEM) മേഖലയിലെ മികവും ടീം വർക്കും മുൻനിർത്തി ആഗോള വെല്ലുവിളികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ വഴി പരിഹാരം കാണുന്ന മത്സരമാണിത്.
യുഎഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 14 പ്രതിഭാധനരായ വിദ്യാർത്ഥികളാണ് ദേശീയ ടീമിനെ പ്രതിനിധീകരിച്ചത്. ടീം ക്യാപ്റ്റൻ ശ്രേയ ബിനോയ് നായർ ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾ ദുബായ് ജെംസ് മോഡേൺ അക്കാദമിയിൽ നിന്നുള്ളവരാണ്. ഹൃദയ് പ്രീതം ഗരുഡ്, അർജുൻ സന്ദേശ് പോട്കർ, ആര്യവ് കർമാകർ, മാഹി ഗേര, ലിയാം ഫെർണാണ്ടസ് എന്നിവരാണ് ജെംസ് മോഡേൺ അക്കാദമിയിലെ മറ്റ് അംഗങ്ങൾ.
റയാൻ റോണി റിച്ചാർഡ് (ജെംസ് ഫൗണ്ടേഴ്സ് സ്കൂൾ ദുബായ്), ഫാസിൽ തഫ്സീർ (ദുബായ് ബ്രിട്ടീഷ് സ്കൂൾ ജുമൈറ പാർക്ക്), റയാൻ ഖാദർനാനി, അസിറു അസിറു (ഇരുവരും ദുബായ് കോളേജ്), സാന്ദ്ര നായർ, സാക്കി ഹാഷിം തോട്ടത്തിക്കുളം (ഇരുവരും ഡിപിഎസ് ദുബായ്), മുഹമ്മദ് ആമിർ നസൈഫ് (ജെംസ് കേംബ്രിഡ്ജ് ഇൻ്റർനാഷണൽ സ്കൂൾ, അബുദാബി), യുവാൻ അമിത് ദേശ്പാണ്ഡെ (റാഫിൾസ് വേൾഡ് അക്കാദമി) എന്നിവരാണ് ടീമിലെ മറ്റ് വിദ്യാർത്ഥികൾ.
ഹെഡ് കോച്ച് മുഹമ്മദ് മുഖ്താർ ലത്തീഫ്, കോച്ചുമാരായ അലി മുഹമ്മദ് ഷെയ്ഖ് അലി അബ്ദുറഹ്മാൻ, മനോജ് തണ്ണിക്കൽ ജോസഫ് എന്നിവരാണ് കുട്ടികൾക്ക് സാങ്കേതിക മാർഗനിർദ്ദേശങ്ങൾ നൽകിയത്. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും കോഡിങ്ങിലും ഡിസൈനിങ്ങിലും അവർ പുലർത്തിയ കൃത്യതയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഹെഡ് കോച്ച് വ്യക്തമാക്കി.
സങ്കീർണ്ണമായ വെല്ലുവിളികളെ ഒത്തൊരുമയോടെ നേരിടാൻ സാധിച്ചതാണ് നേട്ടത്തിലേക്ക് നയിച്ചതെന്നും രാജ്യത്തിനായി മെഡൽ നേടാനായതിൽ വലിയ അഭിമാനമുണ്ടെന്നും ടീം ക്യാപ്റ്റൻ ശ്രേയ ബിനോയ് നായർ പറഞ്ഞു.
തുടർച്ചയായ മൂന്നാം വർഷമാണ് യുഎഇ ഈ ആഗോള വേദിയിൽ മെഡൽ നേടുന്നത്. 2024-ൽ ഗ്രീസിലെ ഏതൻസിൽ നടന്ന മത്സരത്തിൽ ഗ്ലോബൽ ഗ്രാൻഡ് ചലഞ്ചിൽ വെള്ളിയും ഇന്റർനാഷണൽ എന്തൂസിയാസം അവാർഡിൽ വെങ്കലവും ടീം നേടിയിരുന്നു. തുടർന്ന് 2025-ൽ പനാമ സിറ്റിയിൽ വൈദ്യുതി ഇല്ലാതെ ജൈവവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള ‘സ്റ്റാഷ്’ (STASH) പദ്ധതിയിലൂടെ ന്യൂ ടെക്നോളജി എക്സ്പീരിയൻസ് വിഭാഗത്തിൽ യുഎഇ സ്വർണ്ണവും സ്വന്തമാക്കിയിരുന്നു.
യുണീക് വേൾഡ് റോബോട്ടിക്സ് (UWR) ആണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് മത്സര സജ്ജരാക്കിയത്. യുഎഇയിലെ പ്രതിഭാധനരായ കുട്ടികളെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്ന് ഫസ്റ്റ് ഗ്ലോബൽ ചലഞ്ച് യുഎഇ നാഷണൽ ഓർഗനൈസറും യുണീക് വേൾഡ് റോബോട്ടിക്സ് സ്ഥാപകനുമായ ബൻസൻ തോമസ് ജോർജ് പറഞ്ഞു. ദുബായിൽ തിരിച്ചെത്തിയ ടീമിന് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.










