മക്ക: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും ഇന്ന് മിനായിൽ നിന്ന് മടങ്ങും. മലയാളി ഹാജിമാർ ശനിയാഴ്ച കൂടി കല്ലേറ് കർമ്മം പൂർത്തിയാക്കിയാണ് മടങ്ങുക. ശനിയാഴ്ചയാണ് ഹജ്ജിന്റെ സമാപനം. ജൂൺ രണ്ട് മുതൽ ഇന്ത്യൻ ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.
തിരക്ക് പരിഗണിച്ച് ഹജ്ജ് സർവീസ് കമ്പനികൾക്ക് മിനായിൽ നിന്ന് മടങ്ങാനുള്ള സമയം നൽകിയിട്ടുണ്ട്. ഭൂരിഭാഗം ഹാജിമാരും ഇന്ന് കല്ലേറു കർമ്മം പൂർത്തിയാക്കി മടങ്ങും. മലയാളി ഹാജിമാരിൽ അധികവും ശനിയാഴ്ച കൂടി കല്ലേറു കർമ്മം പൂർത്തിയാക്കിയാവും മടങ്ങുക.
ആൺ തുണയില്ലാതെ എത്തിയ തീർഥാടകർ താമസസ്ഥലത്ത് തിരിച്ചെത്തിയതിനുശേഷം ത്വവാഫും സഅ്‌യും നിർവഹിക്കും. ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നതോടെ വിടവാങ്ങൽ ത്വവാഫ് കൂടി ഹാജിമാർക്ക് ബാക്കിയുണ്ട്. ചൊവ്വാഴ്ച മുതൽ ഇന്ത്യൻ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.













































