ദുബായ്: യുഎഇയിൽ പ്രവാസി യുവാവ് കളിക്കളത്തിൽ കുഴഞ്ഞുവീണു മരിച്ചു. കർണാടക സ്വദേശിയായ മുഹമ്മദ് സഫ്വാൻ ഷാനു (38) ആണ് ദുബായിൽ അന്തരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അന്ത്യം.
കളിയിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കെ സഫ്വാൻ പെട്ടെന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസലോകത്തെ കായിക കൂട്ടായ്മകളിൽ സജീവമായിരുന്ന ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി പ്രവാസി സംഘടനകൾ അറിയിച്ചു.














































