ആർത്തവവിരാമവും കൗമാരവും ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് പിന്തുണയേകാൻ ‘കെയർ ഫോർ ഹെർ’, ‘എല്ലെ ബൈ മെഡ്കെയർ’ പദ്ധതികൾ.
ദുബായ്: യുഎഇയിലെ സ്ത്രീകളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത സമഗ്രമായ വനിതാ ആരോഗ്യ പരിപാലന പദ്ധതിക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ തുടക്കം കുറിച്ചു. ആസ്റ്റർ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, യുഎഇയിലെ മെഡ്കെയർ ഹോസ്പിറ്റലുകൾ, മെഡിക്കൽ സെന്ററുകൾ എന്നിവയിലുടനീളം ഘടനാപരമായ, ജീവിത ഘട്ടത്തെ അടിസ്ഥാനമാക്കിയുള്ള സ്പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ആരോഗ്യ പരിപാലനമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
ആസ്റ്റർ ഹോസ്പിറ്റൽസിന്റെയും ക്ലിനിക്കളുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന “കെയർ ഫോർ ഹെർ” പദ്ധതിയും, യുഎഇയിലെ മെഡ്കെയർ ശൃംഖലയിലൂടെ ലഭ്യമാക്കുന്ന “എല്ലെ ബൈ മെഡ്കെയർ (Elle By Medcare)” എന്ന പദ്ധതിയും ഒരു ഏകീകൃത കാഴ്ചപ്പാടിലൂടെയാണ് ഈ ഉദ്യമത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. കൗമാരകാലം മുതൽ ആർത്തവവിരാമം വരെയും അതിനുശേഷവുമുള്ള യുഎഇയിലെ സ്ത്രീകളുടെ വിവിധ ജീവിത ഘട്ടങ്ങളെ പിന്തുണയ്ക്കുന്ന നിലയിലാണ് ഈ ഉദ്യമം വിഭാവനം ചെയ്തിരിക്കുന്നത്. പ്രതിരോധം, മാർഗ്ഗനിർദ്ദേശം, നേരത്തെയുള്ള രോഗനിർണ്ണയം, ദീർഘകാല ക്ഷേമ പിന്തുണ എന്നിവ ഒരൊറ്റ ഏകോപിത ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്ന ഈ മേഖലയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്.
“കുടുംബാംഗങ്ങൾ പലപ്പോഴും വിവിധ സ്ഥലങ്ങളിലായി ജീവിക്കുന്ന ഈ വേഗതയേറിയ ലോകത്ത്, പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ വ്യക്തിഗത ആരോഗ്യ ആവശ്യങ്ങളിൽ ഉചിതമായ പിന്തുണ ലഭിക്കാത്ത സാഹചര്യമുണ്ട്,” എന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. “പലപ്പോഴും ശരിയായ മാർഗ നിർദ്ദേശങ്ങളും പരിചരണവും തേടുന്നതിൽ അവർ കാലതാമസം നേരിടുന്നു. കൗമാരത്തിലുള്ള മകളെ നയിക്കുന്ന അമ്മ, ഗർഭധാരണവുമായി മല്ലിടുന്ന ഒരു യുവതി, ആർത്തവവിരാമവുമായി പൊരുത്തപ്പെടുന്ന സ്ത്രീ എന്നിവരെയെല്ലാം ഒരുപോലെ പിന്തുണയ്ക്കുന്ന നിലയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെ ഓരോ ജീവിതഘട്ടങ്ങളിലും പൂർണ്ണമായ പരിചരണം നൽകുന്നതിന് ഞങ്ങളുടെ ഡോക്ടർമാരുടെ ഒരു ഏകീകൃത ശൃംഖല ഇതിനായി ഒരുമിച്ച് പ്രവർത്തിക്കും.”
കൗമാരക്കാർ, ഇരുപതുകളിലുള്ളവർ, യുവതികൾ, ആർത്തവവിരാമത്തിനു മുൻപുള്ള ഘട്ടം, ആർത്തവവിരാമം എന്നീ പ്രധാന ജീവിത ഘട്ടങ്ങളിൽ സ്ത്രീകളെ പിന്തുണയ്ക്കുന്ന പ്രായത്തെ അടിസ്ഥാനമാക്കിയുള്ള പരിചരണ മാതൃകയാണ് ഇതിനുള്ളത്. ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി (HRT), മാനസികവും വൈകാരികവുമായ ക്ഷേമം ലക്ഷ്യമിട്ടുള്ള കൗൺസിലിങ്ങ്, തൈറോയ്ഡ്, മെറ്റബോളിക്, പ്രത്യുൽപാദന, ലൈംഗിക ആരോഗ്യം എന്നിവയ്ക്കുള്ള പ്രത്യേക പരിചരണവും മൾട്ടി-സ്പെഷ്യാലിറ്റി കൺസൾട്ടേഷനുകളും ഇതിൽ ഉൾപ്പെടുന്നു.
ആസ്റ്റർ ഹോസ്പിറ്റൽ അൽ മൻഖൂൽ, അൽ ഖിസൈസ് കൂടാതെ ബർ ദുബായ്, മുത്തീന, ഡിസ്കവറി ഗാർഡൻസ്, അറേബ്യൻ റേഞ്ചസ്, അൽ ഖൈൽ എന്നിവിടങ്ങളിലെ ആസ്റ്റർ ക്ലിനിക്കുകൾ വഴിയാണ് ‘കെയർ ഫോർ ഹെർ’ പദ്ധതി നടപ്പിലാക്കുന്നത്. സമർപ്പിത പരിചരണ കോർഡിനേറ്റർമാരുടെയും ക്ലിനിക്കൽ ടീമുകളുടെയും പിന്തുണയോടെ കൺസൾട്ടേഷൻ മുതൽ രോഗനിർണ്ണയം, ചികിത്സ, ഫോളോ-അപ്പ് വരെയുള്ള കാര്യങ്ങൾ തടസ്സമില്ലാതെ ഇതിലൂടെ ഉറപ്പാക്കുന്നു.
കൂടുതൽ വ്യക്തിഗതവും പ്രീമിയം ശൈലിയിലുമുള്ള പരിചരണവും അന്തരീക്ഷവും ആഗ്രഹിക്കുന്നവർക്കായി മെഡ്കെയർ റോയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മെഡ്കെയർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ, മെഡ്കെയർ ഹോസ്പിറ്റൽ ഷാർജ, മെഡ്കെയർ ഷൈഖ് സഖർ അൽ ഖാസിമി ഹോസ്പിറ്റൽ എന്നിവടങ്ങളിൽ ‘എല്ലെ ബൈ മെഡ്കെയർ’ പദ്ധതിയും സജ്ജമാക്കിയിട്ടുണ്ട്. ഗൈനക്കോളജി വിഭാഗം നയിക്കുന്ന കൺസൾട്ടേഷനിൽ ആരംഭിച്ച് എൻഡോക്രൈനോളജി, കാർഡിയോളജി, ഡെർമറ്റോളജി, മാനസികാരോഗ്യം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരിലേക്ക് റഫറൽ വഴിയുള്ള മികച്ച ചികിൽസാ യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ചർച്ചകൾ സജീവമാണെങ്കിലും, കൗമാര പ്രായത്തിലെയും ആർത്തവവിരാമ സമയത്തെയും സങ്കീർണ്ണമായ ശാരീരിക-മാനസിക മാറ്റങ്ങൾ പലപ്പോഴും പരമ്പരാഗത ചികിൽസാ രീതികളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഈ പോരായ്മ പരിഹരിക്കാൻ ലക്ഷ്യമിട്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ആരംഭിച്ച പ്രത്യേക കൗമാര, ആർത്തവവിരാമ ക്ലിനിക്കുകൾ യുഎഇയിലെ ആരോഗ്യ മേഖലയിൽ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കുന്നത്.
ക്ലിനിക്കൽ പരിചരണത്തിനപ്പുറം, സ്കൂളുകൾ, കോർപ്പറേറ്റുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ സെഷനുകൾ, കമ്മ്യൂണിറ്റി ബോധവൽക്കരണ പരിപാടികൾ, വെൽനസ് വർക്ക്ഷോപ്പുകൾ എന്നിവയിലൂടെ സ്ത്രീകളുടെ ആരോഗ്യ സാക്ഷരത മെച്ചപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.






