അബുദാബി, ജൂലൈ 5, 2026: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായുള്ള പാസ്‌പോർട്ട് അപേക്ഷാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം ഏർപ്പെടുത്തി.
യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾക്കായി ഇനി മുതൽ ഓൺലൈൻ വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും അപേക്ഷകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനുമായാണ് ഈ പുതിയ ക്രമീകരണം.
book.passportindiauae.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് പോർട്ടൽ വഴിയാണ് അപ്പോയിന്റ്മെന്റുകൾ നിശ്ചയിക്കേണ്ടത്. മുൻകൂട്ടി ബുക്ക് ചെയ്ത സമയക്രമം കർശനമായി പാലിക്കാൻ അപേക്ഷകർ ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോയിന്റ്മെന്റ് ലഭിച്ച സമയത്തിന് കുറഞ്ഞത് 15 മിനിറ്റ് മുൻപെങ്കിലും അപേക്ഷകർ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായ് കൗൺസിലേറ്റിലോ എത്തിച്ചേരണമെന്ന് അധികൃതർ വ്യക്തമാക്കി. ഓഫീസ് നടപടികൾ സുഗമമായി നടത്തുന്നതിനും അനാവശ്യമായ താമസം ഒഴിവാക്കുന്നതിനും പ്രവാസികൾ ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.















