നവംബർ 22-ന് വൈകിട്ട് ഏഴിന് കൊക്കക്കോള അറീനയിൽ നടക്കുന്ന പരിപാടിയിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾ സിദ് ശ്രീറാം ആലപിക്കും.
ദുബായ്, യുഎഇ — പ്രശസ്ത പിന്നണി ഗായകൻ സിദ് ശ്രീറാം തന്റെ ആദ്യ ദുബായ് സംഗീത പരിപാടിക്കായി നഗരത്തിലെത്തി. ഇംപ്രോപേ അവതരിപ്പിക്കുന്ന ‘സിങ് ഇന്ത്യ വിത്ത് സിദ് ശ്രീറാം’ നവംബർ 22 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് ദുബായ് കൊക്കക്കോള അറീനയിൽ നടക്കും.
ഒരു വേദിയിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലായി സിദ് ശ്രീറാം ഗാനങ്ങൾ ആലപിക്കും എന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത. ശ്രീവല്ലി, സമാജവരഗമന, തള്ളി പോഗാതെ, മറുവാർത്തൈ പേസാതെ, ഇങ്കെം ഇങ്കെം ഇങ്കെം കാവാലെ, കലാവതി, പറയുവാൻ, മിന്നൽവള തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ഗാനങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റിനംലിസ്റ്റ് വഴിയും കൊക്കക്കോള അറീന ബോക്സ് ഓഫീസിലും ടിക്കറ്റുകൾ ലഭ്യമാണ്.
എല്ലാ ഭാഷകളിലുമുള്ള കാണികളുള്ള ദുബായ് എന്നും പ്രിയപ്പെട്ട ഇടമാണെന്നും സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ലെന്നും സിദ് ശ്രീറാം പറഞ്ഞു. മലയാളത്തിൽ കെ.എസ്. ചിത്രയും ഉണ്ണി മേനോനുമാണ് തന്റെ പ്രിയപ്പെട്ട ഗായകർ. പാടുന്ന ഓരോ വാക്കും കൃത്യമായി ഉച്ചരിക്കണമെന്ന് ഗുരു കൂടിയായ അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നതായും, ഇപ്പോഴും ഓരോ വാക്കും ശരിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.










