ദുബായ്: ലോക ചാമ്പ്യന്മാർക്കെതിരെയുള്ള മത്സരത്തിൽ ഈജിപ്ഷ്യൻ ദേശീയ ഫുട്ബോൾ ടീം കാഴ്ചവെച്ച വീരോചിതമായ പ്രകടനത്തെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
“അവസാന നിമിഷം വരെ ലോക ചാമ്പ്യന്മാരോട് പോരാടിയ ഈജിപ്ഷ്യൻ ഫറവോമാരുടെ വീരോചിതമായ മത്സരത്തിനാണ് ഇന്ന് നമ്മൾ സാക്ഷ്യം വഹിച്ചത്,” ഷെയ്ഖ് മുഹമ്മദ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ടീമിന്റെ പോരാട്ടവീര്യത്തിൽ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, “അവരുടെ ഈജിപ്ഷ്യൻ വീര്യത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. മനോഹരവും ആവേശഭരിതവുമായ ഒരു മത്സരം സമ്മാനിച്ചതിന് ലോകം മുഴുവൻ അവർക്ക് നന്ദി പറയുന്നു,” എന്നും കൂട്ടിച്ചേർത്തു.
മത്സരത്തിലെ തോൽവിക്ക് പിന്നാലെ ടീമിന് ആശ്വാസമേകിയ ദുബായ് ഭരണാധികാരി, “നിങ്ങൾ അറബ് ജന്മനാട്ടിലേക്ക് ഹീറോകളായി തന്നെ മടങ്ങിയെത്തും. എല്ലാ അറബികളുടെയും കണ്ണുകളിൽ നിങ്ങൾ എപ്പോഴും ഹീറോകളായിരിക്കും,” എന്ന് കുറിച്ചുകൊണ്ട് ഈജിപ്ഷ്യൻ കളിക്കാരെ അഭിനന്ദിച്ചു.















