20 ലക്ഷം ദിർഹത്തിന്റെ ഗവേഷണ ഫണ്ടും പുതിയ വേൾഡ് ഹെറിറ്റേജ് ഓഫീസും പ്രഖ്യാപിച്ചു; 2.1 ലക്ഷം വർഷത്തെ മനുഷ്യചരിത്രം പറയുന്ന ഡോക്യുമെന്ററി പുറത്തിറക്കി
ഷാർജ, യു.എ.ഇ :ഷാർജയിലെ ചരിത്രപ്രസിദ്ധമായ ‘ഫായ പാലിയോലാൻഡ്‌സ്‌കേപ്പ്’ (Faya Palaeolandscape) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതിന്റെ ഒന്നാം വാർഷികത്തിൽ നിർണായക പ്രഖ്യാപനങ്ങളുമായി ഷാർജ. പൈതൃക ഭൂമിയുടെ ദീർഘകാല സംരക്ഷണത്തിനായി ഒരു പ്രത്യേക വേൾഡ് ഹെറിറ്റേജ് ഓഫീസും, ശാസ്ത്രീയ ഗവേഷണങ്ങൾക്കായി 20 ലക്ഷം ദിർഹം (AED 2 Million) മൂല്യമുള്ള ‘ഫായ റിസർച്ച് ഗ്രാന്റും’ അധികൃതർ ഔദ്യോഗികമായി പ്രവർത്തനസജ്ജമാക്കി.
അറേബ്യൻ ഉപദ്വീപിലെ ആദിമ മനുഷ്യന്റെ ജീവിതരീതികളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും കുറിച്ചുള്ള പഠനങ്ങളുടെ ആഗോള കേന്ദ്രമായി ഷാർജയെ മാറ്റുന്നതാണ് പുതിയ നടപടികൾ. വാർഷികത്തോടനുബന്ധിച്ച്, ഫായയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഒരു പ്രത്യേക ഡോക്യുമെന്ററിയും പുറത്തുവിട്ടിട്ടുണ്ട്. ഫായ വേൾഡ് ഹെറിറ്റേജ് പ്രോപ്പർട്ടി അംബാസഡർ ശൈഖ ബോദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി, അന്താരാഷ്ട്ര പുരാവസ്തു ഗവേഷകർ എന്നിവർ അണിനിരക്കുന്ന ഈ ചിത്രം 2,10,000 വർഷത്തെ മനുഷ്യചരിത്രത്തിലേക്കാണ് വെളിച്ചം വീശുന്നത്.


ഭരണസംവിധാനവും സംരക്ഷണ പ്രവർത്തനങ്ങളും
ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ (SAA) നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ വേൾഡ് ഹെറിറ്റേജ് ഓഫീസ് പ്രവർത്തിക്കുക. യുനെസ്കോയുടെ പൈതൃക ഉടമ്പടികൾ പ്രകാരമുള്ള സൈറ്റ് ഗവേണൻസ്, അന്താരാഷ്ട്ര സഹകരണം, സംരക്ഷണ ആസൂത്രണം എന്നിവ ഏകോപിപ്പിക്കുന്നത് ഈ ഓഫീസാണ്. ഷാർജയിലെ കൂടുതൽ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെ അന്താരാഷ്ട്ര അംഗീകാരത്തിനായി നാമനിർദ്ദേശം ചെയ്യാനുള്ള ചുമതലയും ഈ പുതിയ വിഭാഗത്തിനുണ്ട്.
മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും പൈതൃക സംരക്ഷണവും ഒരേപോലെ കൊണ്ടുപോകുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി മൂന്ന് ദിവസത്തെ പ്രത്യേക വർക്ക്‌ഷോപ്പ് അതോറിറ്റി സംഘടിപ്പിച്ചു. പരിസ്ഥിതി, ടൂറിസം, നഗരാസൂത്രണ വിഭാഗങ്ങൾ സംയുക്തമായാണ് ഫായയുടെ ദീർഘകാല വികസന പ്ലാൻ തയ്യാറാക്കിയത്.
രാജ്യാന്തര ഗവേഷണ കൂട്ടായ്മ
ആദ്യ അധ്യായത്തിൽ തന്നെ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടാൻ ഫായ റിസർച്ച് ഗ്രാന്റ് പ്രോഗ്രാമിന് സാധിച്ചിട്ടുണ്ട്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ നിന്നായി 49 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജർമ്മനിയിലെ ട്യൂബിംഗൻ സർവകലാശാല, യുകെയിലെ ഓക്സ്ഫോർഡ് ബ്രൂക്സ് സർവകലാശാല എന്നിവടങ്ങളിലെയും യു.എ.ഇ, യു.എസ്, സ്പെയിൻ എന്നിവിടങ്ങളിലെയും ഗവേഷകർ ഫായയിൽ ശാസ്ത്രീയ പഠനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പ്രാദേശിക പുരാവസ്തു ഗവേഷകരെ വളർത്തിയെടുക്കുന്നതിനായി ‘എമിറാത്തി മെന്ററിങ് ഫെലോഷിപ്പും’ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ഇത് വഴി യു.എ.ഇയിലെ യുവ ഗവേഷകർക്ക് അന്താരാഷ്ട്ര തലത്തിൽ ഫീൽഡ് വർക്ക് ചെയ്യാനുള്ള അവസരം ലഭിക്കും.
സന്ദർശക സൗകര്യങ്ങളും ഡിജിറ്റൽ മുന്നേറ്റവും
ഫായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പുതിയ ഇന്ററാക്ടീവ് പ്രദർശനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഔദ്യോഗിക യുനെസ്കോ സ്മാരകവും പുതിയ ദിശാസൂചകങ്ങളും സ്ഥാപിച്ചതോടെ സന്ദർശകർക്ക് കൂടുതൽ എളുപ്പത്തിൽ ഇവിടം ചുറ്റിക്കാണാം. 2026-ന്റെ തുടക്കം മുതൽ ഫായയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 7,000 സജീവ ഉപയോക്താക്കളും 41,000 ഡിജിറ്റൽ ഇടപാടുകളും രേഖപ്പെടുത്തി. ഗവേഷണ ഫണ്ടിനായുള്ള പേജുകൾ മാത്രം 5,000-ത്തിലധികം തവണ ആഗോള സ്ഥാപനങ്ങൾ സന്ദർശിച്ചു.
ഔദ്യോഗിക പ്രതികരണങ്ങൾ
“കഴിഞ്ഞ ഒരു വർഷമായി, വരും തലമുറകൾക്കായി നമ്മുടെ പങ്കുവെക്കപ്പെട്ട മനുഷ്യചരിത്രത്തിന്റെ ജീവിക്കുന്ന സ്രോതസ്സായി ഫായ നിലകൊള്ളുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ശാസ്ത്രീയ ഗവേഷണങ്ങളിലും വിദ്യാഭ്യാസത്തിലും ഞങ്ങൾ നിക്ഷേപം തുടരുകയാണ്.” — ശൈഖ ബോദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി, ഫായ വേൾഡ് ഹെറിറ്റേജ് പ്രോപ്പർട്ടി അംബാസഡർ
“വേൾഡ് ഹെറിറ്റേജ് പദവി പുതിയ കണ്ടെത്തലുകൾക്കുള്ള ഒരു ചാലകശക്തിയായി മാറുമ്പോഴാണ് അതിന് ഏറ്റവും കൂടുതൽ മൂല്യമുണ്ടാകുന്നത്. പൈതൃക ഭൂമിയെ ദീർഘകാലം പിന്തുണയ്ക്കുന്നതിനാവശ്യമായ സ്ഥാപനപരവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ നിർമ്മിക്കുക എന്നതിനായിരുന്നു ഈ വർഷം ഞങ്ങൾ മുൻഗണന നൽകിയത്.” — ഈസ യൂസഫ്, ഷാർജ ആർക്കിയോളജി അതോറിറ്റി ഡയറക്ടർ ജനറൽ
















