രാജ്യത്തിന്റെ പാരമ്പര്യവും നേട്ടങ്ങളും ജനങ്ങളിലെത്തിച്ച സംഘാടക സമിതിയെ പ്രശംസിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി, യു.എ.ഇ :യു.എ.ഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങളുടെ സംഘാടക സമിതി അംഗങ്ങളെ യു.എ.ഇ പ്രസിഡന്റ് തിരുമനസ്സ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ സ്വീകരിച്ചു.
ആഘോഷ പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച സംഘാടകരുടെ അശ്രാന്ത പരിശ്രമങ്ങളെ ശൈഖ് മുഹമ്മദ് ബിൻ സായിദ് നേരിട്ട് അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ശൈഖ് സായിദിന്റെ ഓർമ്മകൾ പുതുക്കി
ദേശീയ ആഘോഷങ്ങളുടെ ഭാഗമാകാൻ സാധിച്ചതിൽ സംഘാടക സമിതി അംഗങ്ങൾ തങ്ങളുടെ വലിയ അഭിമാനം രേഖപ്പെടുത്തി. രാഷ്ട്രപിതാവ് പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാരമ്പര്യവും, യു.എ.ഇയുടെ ചരിത്രപരമായ വളർച്ചയും, ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ആവിഷ്കരിക്കുന്ന രീതിയിലാണ് ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയത്.
പരിപാടികളുടെ വിജയത്തിന് പൂർണ്ണ പിന്തുണയും വഴികാട്ടലും നൽകിയ ഭരണനേതൃത്വത്തിന് സംഘാടക സമിതി പ്രത്യേക നന്ദി രേഖപ്പെടുത്തി.
പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
















