2023-നെ അപേക്ഷിച്ച് തൊഴിൽ പങ്കാളിത്തത്തിൽ 128 ശതമാനം വർധനവ്; ഒരു ലക്ഷത്തിലധികം വനിതകൾ നിർണായക പദവികളിൽ.
അബുദാബി: യുഎഇ സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ പങ്കാളിത്തം ശക്തമാക്കി എമിറാത്തി വനിതകൾ. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആകെ സ്വദേശികളിൽ 70 ശതമാനത്തിലധികവും സ്ത്രീകളാണെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2026 ആദ്യ പകുതി അവസാനിച്ചപ്പോൾ 1,23,388 എമിറാത്തി വനിതകളാണ് സ്വകാര്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്നത്. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ പങ്കാളിത്തത്തിൽ 128 ശതമാനത്തിന്റെ വർധനവുണ്ടായി. നിലവിൽ 26,000-ത്തിലധികം സ്വകാര്യ സ്ഥാപനങ്ങളിൽ എമിറാത്തി വനിതകൾ ജോലി ചെയ്യുന്നുണ്ട്.
സ്വകാര്യ മേഖലയിലെ ആകെ എമിറാത്തി ജീവനക്കാരുടെ എണ്ണം 1.9 ലക്ഷം പിന്നിട്ടു. ലിംഗസമത്വം ഉറപ്പാക്കുന്ന നയങ്ങളും യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മന്ത്രാലയം നടപ്പിലാക്കിയ സ്വദേശിവൽക്കരണ പദ്ധതികളുമാണ് ഈ മുന്നേറ്റത്തിന് ആധാരം.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തി വനിതകളിൽ 98 ശതമാനം പേരും സാങ്കേതിക, പ്രൊഫഷണൽ തസ്തികകളിലാണ് പ്രവർത്തിക്കുന്നത്. നേതൃനിരയിലും എക്സിക്യൂട്ടീവ് പദവികളിലും എമിറാത്തി സാന്നിധ്യത്തിന്റെ 55 ശതമാനവും ഉയർന്ന പ്രൊഫഷണൽ തസ്തികകളിൽ 70 ശതമാനവും സ്ത്രീകളാണ്.
സ്വകാര്യ മേഖലയിലേക്ക് പുതുതായി എത്തുന്ന യുവ തലമുറയിലും സ്ത്രീകളുടെ ആധിപത്യം വ്യക്തമാണ്. പുതുതായി ജോലിയിൽ പ്രവേശിക്കുന്ന യുവ സ്വദേശികളിൽ 70 ശതമാനവും സ്ത്രീകളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ മേഖലയിൽ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ യുഎഇ ഭരണകൂടം ലക്ഷ്യബോധത്തോടെയുള്ള നിയമങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണ്. നിർദിഷ്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്ഥാപനങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ മന്ത്രാലയം നൽകുന്നുണ്ട്.










