ഡിസംബറിൽ സെനഗലുമായി ചേർന്ന് യുഎഇ ആതിഥേയത്വം വഹിക്കുന്ന യുഎൻ ജല ഉച്ചകോടിയിൽ ധനസമാഹരണത്തിനായി പുതിയ സംവാദ വേദി
അബുദാബി, സെപ്റ്റംബർ 8, 2026 : ആഗോള ജലസുരക്ഷയെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കപ്പുറം വലിയ സാമ്പത്തിക-നിക്ഷേപ മുൻഗണനയായി ലോകരാജ്യങ്ങൾ അംഗീകരിക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. വരുന്ന ഡിസംബറിൽ അബുദാബിയിൽ നടക്കുന്ന 2026-ലെ ഐക്യരാഷ്ട്രസഭാ ജല ഉച്ചകോടിയുടെ (UN Water Conference 2026) മുന്നോടിയായി നാഷണൽ മീഡിയ അതോറിറ്റിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് യുഎഇ ഊർജ്ജ-സുസ്ഥിരതാകാര്യ സഹമന്ത്രി അബ്ദുള്ള ബലാലാ രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്.
ഡിസംബർ 8 മുതൽ 10 വരെ അഡ്നെക് (ADNEC) എക്സിബിഷൻ സെന്ററിലാണ് ആഗോള ഉച്ചകോടി അരങ്ങേറുന്നത്. പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലുമായി ചേർന്നാണ് യുഎഇ ഉച്ചകോടിക്ക് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്.

“ഒരു കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ജലം നേരിട്ട് രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. എങ്കിലും വ്യവസായ ഉൽപ്പാദനം, സാങ്കേതികവിദ്യ, ആഗോള വിതരണ ശൃംഖലകൾ എന്നിവയിലെല്ലാം ജലത്തിന് നിർണായക പങ്കുണ്ട്. ലോക സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്ന സകല ഉൽപ്പന്നങ്ങളും സേവനങ്ങളും തടസ്സമില്ലാത്ത ജലലഭ്യതയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്,” അബ്ദുള്ള ബലാലാ പറഞ്ഞു.
ആഗോളതലത്തിൽ പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ള ജലവിതരണ സംവിധാനങ്ങൾ നിർമ്മിക്കാൻ സർക്കാർ ഖജനാവുകളിൽ നിന്നുള്ള ഫണ്ട് മാത്രം പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യ ബാങ്കുകൾ, വൻകിട ധനകാര്യ സ്ഥാപനങ്ങൾ, വികസന ബാങ്കുകൾ, സ്വകാര്യ നിക്ഷേപകർ എന്നിവർ ജലമേഖലയിലേക്ക് ആവശ്യമായ മൂലധനം എത്തിക്കാൻ തയ്യാറാകണം.
ഏകദേശം അരനൂറ്റാണ്ടിനിടെ നടക്കുന്ന മൂന്നാമത്തെ യുഎൻ ജല ഉച്ചകോടിയാണിത്. 1977-ൽ അർജന്റീനയിലെ മാർ ഡെൽ പ്ലാറ്റയിലും 2023-ൽ ന്യൂയോർക്കിലുമായിരുന്നു ആദ്യ രണ്ട് ഉച്ചകോടികൾ. ആഗോള തെക്കൻ മേഖലയിലെ (ഗ്ലോബൽ സൗത്ത്) രണ്ട് വികസ്വര രാജ്യങ്ങൾ ആദ്യമായി സംയുക്തമായി നേതൃത്വം നൽകുന്നു എന്ന സവിശേഷതയും ഈ സമ്മേളനത്തിനുണ്ട്. എല്ലാവർക്കും ശുദ്ധജലവും ശുചിത്വവും ഉറപ്പാക്കുന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 6 (SDG 6) പൂർണ്ണമായി മുൻനിർത്തി നടക്കുന്ന ആദ്യ സമ്മേളനമാണിത്.
ഉച്ചകോടിയുടെ ചരിത്രത്തിലാദ്യമായി ജലമേഖലയിലെ സാമ്പത്തിക നിക്ഷേപങ്ങൾക്കായി പ്രത്യേക സംവാദ വേദി (Investments for Water) ഏർപ്പെടുത്തിയിട്ടുണ്ട്. യുഎൻ അംഗരാജ്യങ്ങൾ ഐകകണ്ഠ്യേനയാണ് ഈ നിർദ്ദേശം അംഗീകരിച്ചത്. ജനങ്ങൾ, സമൃദ്ധി, ഭൂമി, സഹകരണം, ബഹുമുഖ പ്രക്രിയകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള അഞ്ച് സംവാദങ്ങൾക്ക് പുറമെയാണ് ആറാമതായി നിക്ഷേപങ്ങളെക്കുറിച്ചുള്ള ചർച്ച കൂട്ടിച്ചേർത്തത്.
രണ്ട് പ്രധാന വിഭാഗങ്ങളായാണ് ഉച്ചകോടി സജ്ജീകരിക്കുന്നത്: ഔദ്യോഗിക യുഎൻ ചർച്ചകൾ നടക്കുന്ന ‘ബ്ലൂ സോൺ’, സാങ്കേതികവിദ്യകളും പ്രദർശനങ്ങളും പൊതുചർച്ചകളും ഉൾക്കൊള്ളുന്ന ‘ദി ഒയാസിസ്’. അബുദാബി ഊർജ്ജ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ആദ്യത്തെ ‘അബുദാബി വാട്ടർ ആൻഡ് പവർ വീക്ക്’ ഒയാസിസിലാണ് നടക്കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുക്കും.










