യുഎഇയുടെ പാരമ്പര്യവും സംസ്കാരവും പ്രമേയമാക്കുന്ന 15 എപ്പിസോഡ് പരമ്പരയ്ക്കാണ് അവസരം; സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15.
ദുബായ്, സെപ്റ്റംബർ 8, 2026 : എമിറാത്തി സംസ്കാരവും പാരമ്പര്യ മൂല്യങ്ങളും അടയാളപ്പെടുത്തുന്ന അനിമേഷൻ പരമ്പര തയാറാക്കുന്നവർക്കായി 20 ലക്ഷം ദിർഹം (ഏകദേശം 4.5 കോടിയിലധികം ഇന്ത്യൻ രൂപ) സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി. ‘സ്റ്റോറീസ് ഓഫ് വുൽഫ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രോജക്ടിനാണ് നിർമാണ ഗ്രാന്റ് ലഭിക്കുക.
യുഎഇയിലെ കുടുംബബന്ധങ്ങൾ, പാരമ്പര്യം, ആതിഥ്യമര്യാദ, ചരിത്ര പുരുഷന്മാർ, നാടോടിക്കഥകൾ എന്നിവ ആസ്പദമാക്കിയുള്ള ഒറിജിനൽ അനിമേഷൻ കണ്ടന്റുകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദുബായിൽ വർഷംതോറും ആഘോഷിക്കുന്ന ‘സീസൺ ഓഫ് വുൽഫ’യുടെ ഭാഗമായാണ് ഈ പരമ്പര പ്രേക്ഷകരിലേക്ക് എത്തിക്കുക. ഹഖ് അൽ ലൈല, റമദാൻ, ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ തുടങ്ങിയ സവിശേഷ ദിനങ്ങളുടെ സാമൂഹിക പശ്ചാത്തലവും പരമ്പരയ്ക്ക് പ്രമേയമാക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
നവംബർ 15 വരെയാണ് മത്സരത്തിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നത്. എഴുത്തുകാർ, അനിമേഷൻ സ്റ്റുഡിയോകൾ, ഇല്ലസ്ട്രേറ്റർമാർ, സിനിമാ പ്രവർത്തകർ, പ്രൊഡക്ഷൻ കമ്പനികൾ എന്നിവർക്ക് പ്രോജക്ടുകൾ സമർപ്പിക്കാം. സ്വദേശികൾക്ക് പുറമെ പ്രാദേശിക, അന്തർദേശീയ തലത്തിലുള്ള ക്രിയേറ്റീവ് ടീമുകൾക്കും പങ്കാളിത്തം ഉറപ്പാക്കാം. 20 മിനിറ്റ് വീതം ദൈർഘ്യമുള്ള 15 എപ്പിസോഡുകളാണ് പരമ്പരയിൽ ഉണ്ടാകേണ്ടത്.
എമിറാത്തി സംസ്കാരം അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാനും അനിമേഷൻ വ്യവസായ രംഗം വിപുലീകരിക്കാനും ഇത്തരം സംരംഭങ്ങൾ വഴിതുറക്കുമെന്ന് ദുബായ് കൾച്ചർ ആർട്സ്, ഡിസൈൻ ആൻഡ് ലിറ്ററേച്ചർ സെക്ടർ സിഇഒ ഷൈമ റാഷിദ് അൽ സുവൈദി വ്യക്തമാക്കി:
“ഒറിജിനൽ കണ്ടന്റുകളിൽ നിക്ഷേപം നടത്തുന്നത് സാംസ്കാരിക-ക്രിയേറ്റീവ് വ്യവസായങ്ങളുടെ വളർച്ചയ്ക്കും അനിമേഷൻ രംഗത്തിന്റെ വികാസത്തിനും അനിവാര്യമായ ഘടകമാണ്. പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കാനും ആഗോളതലത്തിൽ ശ്രദ്ധനേടുന്ന ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്.”
തിരക്കഥയുടെ മേന്മ, സാംസ്കാരിക തനിമ, കഥാപാത്ര രൂപകൽപ്പന, വിഷ്വൽ ശൈലി, ടെക്നിക്കൽ നിലവാരം, പ്രക്ഷേപണ സാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ് ജൂറി മികച്ച പ്രോജക്ട് തെരഞ്ഞെടുക്കുക.
ഡിജിറ്റൽ യുഗത്തിൽ യുവതലമുറയിലേക്ക് പ്രാദേശിക ഭാഷാശൈലിയും ചരിത്രവും പകർന്നുനൽകാൻ അനിമേഷൻ മേഖലയ്ക്ക് സാധിക്കുമെന്നാണ് ദുബായ് കൾച്ചറിന്റെ വിലയിരുത്തൽ. സർഗാത്മക സമ്പദ്‌വ്യവസ്ഥയെ (Creative Economy) പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദുബായിയുടെ ബൃഹദ് നയങ്ങളുടെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
താൽപര്യമുള്ളവർക്ക് ദുബായ് കൾച്ചറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നവംബർ 15-നകം വിശദമായ പ്രോജക്ട് രേഖകൾ സമർപ്പിക്കാവുന്നതാണ്.










